'ജനങ്ങളോട് ശത്രു സൈന്യത്തോടെന്ന പോലെ യുദ്ധം പ്രഖ്യാപിക്കുന്ന ഭീരുത്വം', കേന്ദ്രത്തിനെതിരെ പിണറായി
ന്യൂ ഡൽഹി: സംഘപരിവാർ നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ഓർമ്മപ്പെടുത്തുന്നത് അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ ആണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിജെപി സമരത്തിന് പിന്തുണയുമായി ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ പിണറായി അടക്കമുളള ഇടത് നേതാക്കളെ ഡൽഹി പോലീസ് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു.
എട്ട് മണിക്കൂറോളം പിണറായി വിജയനേയും മറ്റ് സിപിഎം നേതാക്കളേയും ഡൽഹി പോലീസ് കസ്റ്റഡിയിൽ വെച്ച ശേഷമാണ് വൈകിട്ടോടെ വിട്ടയച്ചത്. വളരെ വിചിത്രമായ അനുഭവം ആണ് പോലീസിൽ നിന്ന് ഉണ്ടായതെന്ന് പിണറായി പ്രതികരിച്ചു. പത്തരയ്ക്ക് കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം വാഹനത്തിൽ റോഡിലൂടെ കറക്കുകയായിരുന്നു. സമരത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്നും പിണറായി പറഞ്ഞു.
പിണറായി വിജയന്റെ പ്രതികരണം: '' ഭരണകൂട ഭീകരതയുടെ ബാരിക്കേഡുകൾ കൊണ്ട് തടഞ്ഞുനിർത്താൻ കഴിയുന്നതല്ല ഇന്ത്യൻ ജനതയുടെ പോരാട്ടവീറ്. ഡൽഹി ജന്തർ മന്തറിൽ ഇന്ന് ആഞ്ഞടിച്ച ജനരോഷം ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും തച്ചുടയ്ക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അജണ്ടകൾക്കെതിരെയുള്ള അതിശക്തമായ താക്കീതാണ്.

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ ഓർമ്മിപ്പിക്കുകയാണ് സംഘപരിവാർ നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെയും ജനപ്രതിനിധികളെയും ആയുധങ്ങളും അധികാര മുഷ്കും കൊണ്ടാണ് നേരിടുന്നത്. ജനങ്ങളോട് ശത്രു സൈന്യത്തോടെന്ന പോലെ യുദ്ധം പ്രഖ്യാപിക്കുന്ന ഈ ഭീരുത്വം ജനാധിപത്യത്തിന് വെല്ലുവിളിയാണ്.
ലാത്തി കൊണ്ടോ, തടവറ കൊണ്ടോ, നിരോധനാജ്ഞ കൊണ്ടോ ജനതയുടെ ഇച്ഛാശക്തിയെ അടിച്ചമർത്താമെന്നത് സംഘപരിവാറിൻ്റെ വ്യാമോഹം മാത്രമാണ്. വിയോജിക്കാനും തെരുവിലിറങ്ങാനുമുള്ളത് പൗരന്റെ ഭരണഘടനാപരമായ അവകാശമാണ്. തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ച് ജനാധിപത്യ പ്രക്രിയയെ നോക്കുകുത്തിയാക്കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കും വരെ ഈ പോരാട്ടം ഒരിഞ്ചുപോലും പിന്നോട്ടില്ല.
ഭയത്തിന്റെ മതിലുകൾ തകർത്ത് രാജ്യത്തിന്റെ വീണ്ടെടുപ്പിനായി തെരുവിലിറങ്ങിയ യുവത്വം ഈ രാജ്യത്തിന്റെ പ്രതീക്ഷാ നാളമാണ്. സമരഭൂമിയിൽ അവർ ആലപിക്കുന്ന ഗാനങ്ങൾ പോലും രാജ്യത്തിൻറെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും അലംഘനീയമായ പ്രഖ്യാപനങ്ങളാണ്.
യുവജനങ്ങളോടൊപ്പം സമരത്തിൽ അണിചേരുക എന്നത് ഈ രാജ്യവും ഇതിന്റെ ഏകത്വവും ജനാധിപത്യം മതേതര മൂല്യങ്ങളും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം നഗരം ചുറ്റിച്ചപ്പോഴും ഏറ്റവും പ്രധാനപ്പെട്ട പല നേതാക്കളെയും വലിച്ചിഴച്ചപ്പോഴും സമര സഖാക്കളെ തെരുവിൽക്രൂരമായി കൈകാര്യം ചെയ്തപ്പോഴും ഒരാൾ പോലും പതറാതെ മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കിയത് ഈ രാജ്യം വർഗീയതയുടെയും സ്വച്ഛാധിപത്യത്തിന്റെയും കോട്ടകൾ തകർത്ത് മുന്നോട്ടുപോകും എന്ന ഇന്ത്യൻ ജനതയുടെ തീരുമാനമാണ്.
ഒരു ചുഴലി കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രമായാണ് ഇന്ന് ജന്തർ മന്തർ മാറിയത്. രാജ്യത്താകെ ആഞ്ഞുവീശാൻ പോകുന്ന പ്രക്ഷോഭ കൊടുങ്കാറ്റിന്റെ സാർഥകമായ തുടക്കം ആണിത്. സമരത്തിൽ പങ്കാളികളായവർക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചവർക്കും അഭിവാദ്യങ്ങൾ.


Click it and Unblock the Notifications
