കോവിഡ് കാലത്ത് പോലും നൽകിയിരുന്നില്ല: കൊടി സുനിയുടെ പരോളിനെ ന്യായീകരിച്ച് പി ജയരാജന്‍
കണ്ണൂർ: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെ അനുകൂലിച്ച് മുതിർന്ന സി പി എം നേതാവ് പി ജയരാജന്‍. കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോൾ നൽകിയിരുന്നില്ല. ആറുവർഷങ്ങൾക്ക് ശേഷം അമ്മയുടെ പരാതിയെ തുടർന്ന് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിന് ശുപാർശ ചെയ്തിട്ടുമുണ്ടെന്നും അദ്ദേഹം കുറിച്ചു. പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മനുഷ്യാവകാശത്തിന് കൊടിയുടെ നിറം മാനദണ്ഡമാക്കണമെന്നാണ് മനോരമയുടെ ഇന്നത്തെ പുതിയ നിർദേശം. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽക്കഴിയുന്ന മാഹി സ്വദേശി കൊടിസുനിക്ക് പരോളിന് അർഹതയുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ആറുവർഷമായി ജയിൽ വകുപ്പ് പരോൾ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരിൽ ഇടക്കാലത്ത് ചുമത്തിയ കേസ്സുകളായിരുന്നു അതിനു കാരണം.
അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്, എന്നാൽ സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയെ തുടർന്നാണ് മാനുഷിക പരിഗണയിൽ പരോൾ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാൻ ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടത് . അത് പരിഗണിച്ചാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ച് ഉത്തരവായത്. ഇത് മനോരമയുടെ ഭാഷയിൽ കൊടി കെട്ടിയ മനുഷ്യാവകാശമാണത്രെ.
തടവറകളെക്കുറിച്ച് ആധുനിക സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളിൽ മാറ്റം വന്നത് അധികാരത്തിന്റെ രാഷ്ട്രീയ നേതൃത്വം എൽഡിഎഫ് ആണെന്നതിനാൽ മനോരമ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. തടവറകൾ തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണ്; ഈ അടിസ്ഥാനത്തിൽ പ്രമാദമായ കേസ്സുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇത്തരത്തിൽ അവധി അനുവദിച്ചു വരുന്നു.
കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിന് ശുപാർശ ചെയ്തിട്ടുമുണ്ട്. കോവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങൾ പരോളിലായിരുന്നു. കോവിഡിൻറെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോട് തിരികെ ജയിലിൽ പ്രവേശിക്കാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നൽകിയത് എന്നതും അനുഭവമാണ്.
കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോൾ നൽകിയിരുന്നില്ല. ആറുവർഷങ്ങൾക്ക് ശേഷം അമ്മയുടെ പരാതിയെ തുടർന്ന് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളത്. ഇടതുപക്ഷം ഭരിക്കുമ്പോൾ മനോരമയുടെ രാഷ്ട്രീയത്തോടൊപ്പം നിൽകാത്തവർക്ക് മനുഷ്യാവകാശം പോലും നൽകരുതെന്ന വാദം, കമ്മ്യൂണിസ്റ്റ്കാർ അധികാരത്തിൽ വന്നാൽ താൻ വിഷം കുടിച്ച് മരിക്കും എന്ന പഴയ മനോരമ പത്രാധിപരുടെ 'ഭീരു' വാദത്തിന്റെ പുതിയ വാദമാണ്.












Click it and Unblock the Notifications