വിജയ്ക്കെതിരെ തിരിഞ്ഞ് സ്റ്റാലിനെ പ്രതിരോധിച്ച് സിപിഎം, 'ഇഡി പറയുന്നതല്ല തെളിവ്, ഇത് നിരുത്തരവാദപരം'
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നിയമസഭയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എതിരാളികളായ ഡിഎംകെയേയും സ്റ്റാലിനേയും കടന്നാക്രമിച്ച് കൊണ്ടുളളതായിരുന്നു വിജയുടെ പ്രസംഗം. എന്നാല്‍ പ്രസംഗത്തില്‍ ഡിഎംകെയ്ക്ക് എതിരെ ഇഡിയുടെ ആരോപണങ്ങള്‍ എടുത്ത് ഉപയോഗിച്ചത് അടക്കമുളള വിഷയങ്ങളില്‍ വിജയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ടിവികെ സര്‍ക്കാരില്‍ സഖ്യകക്ഷിയായ സിപിഎം.
ദശാബ്ദങ്ങള്‍ പഴക്കമുളള സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസുകളും അടിസ്ഥാനമാക്കിയാണ് മുന്‍കാല ഡിഎംകെ സര്‍ക്കാരിന് എതിരെ വിജയ് അഴിമതി ആരോപണങ്ങള്‍ സഭയില്‍ ഉയര്‍ത്തിയത്. താന്‍ ഉന്നയിച്ചത് വ്യക്തിപരമായ ആരോപണങ്ങള്‍ അല്ലെന്നും ഔദ്യോഗിക രേഖകളിലുളളതാണെന്നുമാണ് വിജയുടെ വാദം.
മുന്‍ മുഖ്യമന്ത്രി എം കരുണാനിധി അധികാര ദുരുപയോഗം നടത്തിയതായി സര്‍ക്കാരിയ കമ്മീഷനും കഴിഞ്ഞ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പാര്‍ട്ടി ഫണ്ടെന്ന പേരില്‍ പണം കൈപ്പറ്റി അഴിമതി നടത്തിയെന്ന് ഇഡിയും കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിജയ് ആരോപിച്ചത്. ഇഡി രേഖകള്‍ വിജയ് സഭയില്‍ വായിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് വിജയ്‌ക്കെതിരെ ടിവികെ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന സിപിഎം രംഗത്ത് വന്നത്. ഇഡി ആരോപണങ്ങളെ പ്രതിപക്ഷത്തിന് എതിരെയുളള തെളിവുകള്‍ എന്ന മട്ടില്‍ അവതരിപ്പിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഇഡി ഉയര്‍ത്തുന്ന വാദങ്ങള്‍ പ്രതിപക്ഷത്തിന്റെ അഴിമതിക്ക് തെളിവായി അവതരിപ്പിക്കാനാകില്ലെന്നാണ് സിപിഎമ്മിന്റെ പക്ഷം.
അരവിന്ദ് കെജ്രിവാളിനും പിണറായി വിജയനും എതിരെയുളള ഇഡി നീക്കങ്ങളും സിപിഎം ഇതിനോട് അനുബന്ധിച്ച് ഉയര്‍ത്തിക്കാട്ടി. ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും പിന്നീട് കോടതി വെറുതെ വിടുകയുമായിരുന്നു. കേരള മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് എതിരെ സ്വര്‍ണ്ണക്കടത്ത് കേസ് അടക്കം ഇഡി രജിസ്റ്റര്‍ ചെയ്തുവെന്നും സിപിഎം ചൂണ്ടിക്കാട്ടി. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഇഡി ആരോപണങ്ങളെ തെളിവായി ചൂണ്ടിക്കാട്ടുന്നത് ശരിയല്ലെന്ന് സിപിഎം വിമര്‍ശിച്ചു..
എംകെ സ്റ്റാലിനെ വിജയ് ബോഡി ഷെയിം ചെയ്തതായും സിപിഎം നേതാവ് പി ഷണ്‍മുഖന്‍ ആരോപിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ വ്യക്തിയാണ് എംകെ സ്റ്റാലിന്. അങ്ങനെയാണ് അദ്ദേഹത്തിന്റെ താടിയെല്ലിന് പരിക്കേറ്റത്. ഒരാളെക്കുറിച്ച് വ്യക്തിപരമായി അത്തരം പരിഹാസങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല, പ്രത്യേകിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് കൊണ്ട് അങ്ങനെ ചെയ്യുന്നത് നിരുത്തരവാദപരമാണ്, പി ഷണ്‍മുഖന്‍ തുറന്നടിച്ചു.



Click it and Unblock the Notifications
