നീറ്റ്-നെറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം: സിപിഎം
ഡല്‍ഹി: നീറ്റ് - നെറ്റ് പരീക്ഷകളിൽ നടന്ന ക്രമക്കേടിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ. ഇന്ത്യയെപ്പോലെ വലുതും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്ത് ഉന്നതവിദ്യാഭ്യാസത്തിൻ്റെ കേന്ദ്രീകൃത ഭരണം പിൻവലിച്ച് കേന്ദ്രീകൃത നീറ്റ് പരീക്ഷകൾ ഒഴിവാക്കുക എന്നതാണ് കേന്ദ്ര സർക്കാർ ആദ്യം ചെയ്യേണ്ടതെന്നും സി പി എം വ്യക്തമാക്കുന്നു.
പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിന് ഓരോ സംസ്ഥാനത്തിനും അവരുടേതായ പ്രത്യേക നടപടിക്രമങ്ങൾ അനുവദിക്കണം. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിനും മറ്റ് നടപടിക്രമങ്ങൾക്കുമുള്ള ചുമതല അതതു സംസ്ഥാനങ്ങൾക്ക് നൽകണം.

നീറ്റ് - നെറ്റ് എന്നിവ ഉൾപ്പെടെയുള്ള കേന്ദ്രീകൃത അഖിലേന്ത്യാ പരീക്ഷകൾ അട്ടിമറിക്കപ്പെട്ട സംഭവവികാസങ്ങളെ ശക്തമായി അപലപിക്കുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ സുപ്രധാന മേഖലകളെയാകെ ബാധിക്കുന്നതും അതിന്റെ എല്ലാ ക്രമങ്ങളെയും തകിടം മറിക്കുന്നതുമാണ് ഇത്തരം നീക്കങ്ങൾ.
പരീക്ഷകളിൽ തുടർച്ചയായി നടക്കുന്ന ഇത്തരം ക്രമക്കേടുകൾ കേവലം അഴിമതി എന്നതിനപ്പുറം ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ നടത്തിയ കേന്ദ്രീകരണം, വാണിജ്യവൽക്കരണം, വർഗീയവൽക്കരണം എന്നിവയുടെ കൂടി പരിണിതഫലമാണ്. വ്യാപം അഴിമതി പോലെ ഈ ക്രമക്കേടും തുടച്ചു നീക്കാനാണ് അന്വേഷണത്തിനായി സിബിഐയെ കേന്ദ്ര സർക്കാർ നിയോഗിച്ചിരിക്കുന്നതെന്നും സി പി എം പിബി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം, യുജിസി-നെറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ സി ബി ഐ സംഘം ബിഹാറില്‍ ആക്രമിക്കപ്പെട്ടു. ബിഹാറിലെ നവാഡ ജില്ലയിൽ വെച്ചാണ് സി ബി ഐ സംഘം ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തതായും വാർത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകുന്നേരം സി ബി ഐ സംഘം പ്രദേശത്തെ കാസിയാദീഹ് ഗ്രാമം സന്ദർശിച്ചപ്പോഴാണ് അക്രമമുണ്ടായത്.
അക്രമാസക്തരായ ജനക്കൂട്ടം സി ബി ഐ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് ചുറ്റും കൂടി ആക്രമിക്കുകയായിരുന്നു. ആളുകള്‍ വാഹനത്തിന് ചുറ്റും കൂടി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രദേശത്ത് നിന്നും രക്ഷപ്പെട്ട ഉദ്യോഗസ്ഥർ പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതികൾക്കെതിരെ രജൗലി പോലീസ് എഫ് ഐ ആർ ഫയൽ ചെയ്യുകയും നാല് പേര് അറസ്റ്റ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications