രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് യെച്ചൂരിക്കും ക്ഷണം; വരില്ലെന്ന് മറുപടി
ന്യൂദല്‍ഹി: അയോധ്യയില്‍ നിര്‍മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ല. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം സീതാറാം യെച്ചൂരി നിരസിച്ചു. രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് സീതാറാം യെച്ചൂരിയെ ക്ഷണിച്ചത്.
എന്നാല്‍ ക്ഷണം നിരസിച്ചു എന്നും ചടങ്ങില്‍ പങ്കെടുക്കില്ലെന്നും സീതാറാം യെച്ചുരി വ്യക്തമാക്കി. രാമക്ഷേത്രത്തിലൂടെ ബി ജെ പി ലക്ഷ്യം വെക്കുന്ന വോട്ട് ബാങ്കിനെയും വര്‍ഗീയ ധ്രുവീകരണത്തെയും എതിര്‍ക്കുന്ന നിലപാടാണ് തങ്ങള്‍ക്കുള്ളത് എന്ന് സി പി എം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2024 ജനുവരി 22 നാണ് പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷേത്ര കമ്മറ്റിയുടെ ക്ഷണം സോണിയ ഗാന്ധിയും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയോ അല്ലെങ്കില്‍ പകരം പ്രതിനിധികളോ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനാണ് സാധ്യത. അധിര്‍ രഞ്ജന്‍ ചൗധരിക്കും മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗിനും എച്ച് ഡി ദേവെഗൗഡയ്ക്കും ക്ഷണം ലഭിച്ചിരുന്നു.
എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാ പാര്‍ട്ടി അധ്യക്ഷന്മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍നിന്നുള്ള നാലായിരത്തോളം സന്യാസിമാരെയും ക്ഷണിച്ചിട്ടുണ്ട്. പ്രതിഷ്ഠായോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ജനുവരി 16 ന് ആരംഭിക്കു. മണ്ഡല്‍ പൂജ 24 മുതല്‍ 28 വരെയാണ്
ജനുവരി 23 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കും. കേരളത്തില്‍ നിന്ന് മോഹന്‍ലാലിനും അമൃതാനന്ദമയിക്കും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. ഇവരെ കൂടാതെ സിനിമാ മേഖലയില്‍ നിന്ന് നടന്‍മാരായ അമിതാഭ് ബച്ചന്‍, രജനികാന്ത്, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, ചിരഞ്ജീവി, ഋഷഭ് ഷെട്ടി, ധനുഷ്, സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.
ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തന്‍ ടാറ്റ തുടങ്ങിയവരെയും രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications