പെഗാസസ്: 'മോദിയുടെ "ദേശാഭിമാനം" കേമം തന്നെ', പ്രതികരണവുമായി ഇടത് നേതാക്കൾ
ദില്ലി: ഇസ്രയേലിന്റെ ചാര സോഫ്‌റ്റ്വെയര്‍ ആയ പെഗാസസ് ഇന്ത്യ വാങ്ങിയെന്നുളള ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. പെഗാസസ് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് രാജ്യത്തെ ചില രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിപക്ഷത്ത് നിന്നും കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയരുന്നത്.
സിപിഎം നേതാവ് ടിഎം തോമസ് ഐസകിന്റെ പ്രതികരണം: '' മോദിയുടെ "ദേശാഭിമാനം" കേമം തന്നെ. സ്വന്തം സഹപ്രവർത്തകരുടെയടക്കം രഹസ്യം ചോർത്താൻ വിദേശ നിർമ്മിത ചാര സോഫ്റ്റുവെയർ. അതു വാങ്ങാനും വേറെയാരെയും ചുമതലപ്പെടുത്തിയില്ല. അദ്ദേഹംതന്നെ നേരിട്ടു ചെന്നായിരുന്നു കച്ചവടം. ഇസ്രായേലിന് ലാഭം ഡബിളാണ്. ചാരസോഫ്റ്റ് വെയറല്ലേ. ഇവിടെ കിട്ടുന്ന രഹസ്യം അവർക്കും കിട്ടുമെന്നുറപ്പ്. കാശും കിട്ടും. ഒപ്പം രഹസ്യവും. സ്വന്തം സഹപ്രവർത്തകരെപ്പോലും പെഗാസസിൻ്റെ ചാരവലയത്തിലാക്കിയ മോദിയുടെ ദേശക്കൂറ് ഒന്നു വേറെ തന്നെ. ഏത് ഏകാധിപതിയും ആദ്യം ഭയക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണ്. ഏറ്റവുമടുത്ത സഹപ്രവർത്തകരെപ്പോലും അവർ സദാ സംശയിക്കും. മോദിയും വ്യത്യസ്തനല്ല.

മന്ത്രിസഭയിൽ ഒപ്പമിരിക്കുന്നവരുടെ നീക്കങ്ങൾ പോലും ചോർത്താൻ മാർഗം തേടിയ മോദി, പ്രതിപക്ഷ നേതാക്കളെയും, ഉദ്യോഗസ്ഥരെയും മനുഷ്യാവകാശ പ്രവർത്തകരെയും ചാരപ്പണിയുടെ ഇരയാക്കിയതിൽ അത്ഭുതമില്ല. ഇതും ഇതിലപ്പുറവും നാം പ്രതീക്ഷിക്കണം. ഏകാധിപതികളിൽ നിന്ന് ധാർമ്മികതയും മൂല്യബോധവും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.. പിടിക്കപ്പെട്ടപ്പോഴോ? പെരുങ്കള്ളങ്ങളുടെ നിലയില്ലാക്കയത്തിൽ കിടന്ന് കൈയും കാലുമിട്ടടിക്കുകയായിരുന്നു മോദിയും കൂട്ടരും. സുപ്രിം കോടതിയിൽ നിരത്തിയ നുണകളുടെ നിലവാരം കണ്ട് പലപ്പോഴും ന്യായാധിപന്മാരുടെ സമനില തെറ്റി. ഒരുളുപ്പുമില്ലാതെ നിരന്തരം കള്ളം പറയുകയായിരുന്നു കേന്ദ്ര സർക്കാർ.
പെഗാസസ് ചാരപ്പണിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പറഞ്ഞ കള്ളങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്. ന്യുയോർക്ക് ടൈംസ് പത്രത്തിന്റെ വെളിപ്പെടുത്തലുകൾ ഇന്ത്യൻ ജനതയുടെ പൊതുബോധത്തെ സ്വാധീനിക്കാതിരിക്കാൻ തികഞ്ഞ ജാഗ്രതയോടെ മോദിയനുകൂല മാധ്യമങ്ങൾ ഓവർടൈം പണിയെടുക്കും എന്നുറപ്പാണ്. പക്ഷേ, ഹീനമായ അധികാര താൽപര്യങ്ങൾ സംരക്ഷിക്കാൻ ഈ മഹാരാജ്യത്തെ ചാരവലയത്തിൽ കുടുക്കിയവരാണ് യഥാർത്ഥ രാജ്യദ്രോഹികളെന്ന് ഇന്ത്യൻ ജനത തിരിച്ചറിയുക തന്നെ ചെയ്യും. അവരുടെ വിചാരണയെ അതിജീവിക്കാൻ മോദിയ്ക്കും സംഘത്തിനും കഴിയില്ല''.
സിപിഎമ്മിന്റെ രാജ്യസഭാ എംപി ഡോ. വി ശിവദാസനും സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്: '' മൊബൈൽ ഫോണിലെ സ്വകാര്യവിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുന്ന പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഇന്ത്യ 2019 ൽ വാങ്ങിയിരുന്നു എന്ന് ന്യൂയോർക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഈ ചാര സോഫ്റ്റ്‌വെയർ എൻ എസ്ഓ.ഗ്രൂപ്പ് ടെക്നോളജീസ് എന്ന ഇസ്രായേൽ സ്വകാര്യകമ്പനി നിർമിക്കുന്നതാണ്. ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകരുടെയും ജഡ്ജിമാരുടെയും അടക്കം ഫോണുകൾ ഈ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തി എന്ന റിപ്പോർട്ട് ഇന്ത്യൻ പാർലിമെന്റിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പെഗാസസ് സോഫ്റ്റ്‌വെയർ വാങ്ങിയോ എന്ന് പാർലമെൻറിൽ ഞാൻ ഉന്നയിച്ച ചോദ്യത്തിന്, പെഗാസസ് സോഫ്റ്റ്‌വെയർ തങ്ങൾ വാങ്ങിയിട്ടില്ല എന്ന മറുപടി ആണ് പ്രതിരോധ മന്ത്രാലയം നൽകിയത്. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കൊണ്ടു സുപ്രീം കോടതി അടക്കം ഈ വിഷയത്തിൽ ഇടപെട്ടിരുന്നു . എന്നാൽ സ്വകാര്യ കമ്പനിയിൽ നിന്നും രാഷ്ട്രീയ എതിരാളികളുടെ ഫോൺ ചോർത്താൻ ചാര സോഫ്റ്റ്‌വെയർ വാങ്ങിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല.
ഇപ്പോൾ പെഗാസസും മിസൈൽ സംവിധാനവും അടക്കം ഏകദേശം 2 ബില്യൺ ഡോളർ വിലമതിക്കുന്ന അത്യാധുനിക ആയുധങ്ങളുടെയും രഹസ്യാന്വേഷണ ഉപകരണങ്ങളുടെയും ഒരു പാക്കേജ് ഇസ്രായേലിൽ നിന്ന് നരേന്ദ്ര മോദിയുടെ 2019ലെ സന്ദർശനത്തിൽ വാങ്ങി എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ന്യൂയോർക് ടൈംസിന്റെ ഈ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഗുരുതരമായ ഈ ആരോപണത്തിന്റെ നിജസ്ഥിതി ഇന്ത്യൻ ജനതയോട് വെളിപ്പെടുത്താനും പെഗാസസ് സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനും യൂണിയൻ ഗവണ്മെന്റ് ബാധ്യസ്ഥമാണ്''.












Click it and Unblock the Notifications