മോദി സര്‍ക്കാരിനെതിരെ അവിശ്വാസവുമായി സിപിഎമ്മും; ചൊവ്വാഴ്ച പരിഗണിച്ചേക്കും, നാല് നോട്ടീസുകള്‍
ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി സിപിഎം. കാസര്‍കോട് എംപി പി കരുണാകരനാണ് സിപിഎമ്മിന് വേണ്ടി ലോക്‌സഭാ സെക്രട്ടറിക്ക് നോട്ടീസ് കൈമാറിയത്. പ്രമേയം ചൊവ്വാഴ്ച സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.
ഇതോടെ കേന്ദ്രസര്‍ക്കാരിനെതിരെ ഇത് നാലാമത്തെ അടിയന്തര പ്രമേയ നോട്ടീസ് ആണ്. നേരത്തെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള തെലുങ്ക് ദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. ശേഷം കോണ്‍ഗ്രസും നോട്ടീസ് നല്‍കി.
എന്നാല്‍ ലോക്‌സഭയിലെ ബഹളം കാരണം ഈ അടിയന്തര പ്രമേയ നോട്ടീസുകളൊന്നും സ്പീക്കര്‍ ചര്‍ച്ചയ്ക്ക് വച്ചിട്ടില്ല. തങ്ങള്‍ നല്‍കിയ നോട്ടീസ് ചൊവ്വാഴ്ച ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ദില്ലിയില്‍ ചേര്‍ന്ന സിപിഎം അവൈലബിള്‍ പിബിയാണ് മോദി സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കരുണാകരന്‍ എംപിയെ ചുമതലപ്പെടുത്തി. എംപി നോട്ടീസ് ലോക്‌സഭാ സെക്രട്ടറിക്ക് കൈമാറി.
ഏപ്രില്‍ ആറിനാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നത്. അതിന് മുമ്പ് പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ച ചെയ്തിട്ടില്ലെങ്കില്‍ തങ്ങളുടെ മുഴുവന്‍ എംപിമാരും രാജിവയ്ക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭീഷണി മുഴക്കിയിരിക്കുകയാണ്.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയാണ് ആന്ധ്രയില്‍ നിന്നുള്ള പാര്‍ട്ടികളുടെ ആവശ്യം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് ആന്ധ്രയിലെ പാര്‍ട്ടികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നുവത്രെ. ഇത് പാലിക്കപ്പെടാതെ വന്നപ്പോഴാണ് ടിഡിപി ഉടക്കിയതും എന്‍ഡിഎ വിട്ടതും.
അവിശ്വാസ പ്രമേയം അവതരിപ്പിച്ചാല്‍ പിന്തുണയ്ക്കുമെന്ന് നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും നോട്ടീസ് ഭയക്കുന്നില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.












Click it and Unblock the Notifications