കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരട് രാഷ്ട്രീയ അടവുനയം; കേരള പ്രതിനിധി സംഘത്തില്‍ വിള്ളല്‍, കാരാട്ടിനെ വെട്ടാന്‍ വിഎസും ഐസക്കും

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന കരട് രാഷ്ട്രീയ അടവു നയത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. രഹസ്യ വോട്ടെടുപ്പുണ്ടായാല്‍ തിരിച്ചടിയാകുമെന്ന ആശങ്കയില്‍ കാരാട്ട് പക്ഷം.
പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ അടവു നയത്തെ കുറിച്ചും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ട് വച്ച ന്യൂനപക്ഷ ലൈന്‍ ചര്‍ച്ച ചെയുന്നതിനുമായി ചേര്‍ന്ന കേരള പ്രതിനിധി സംഘത്തിന്റെ ഗ്രൂപ്പ് ചര്‍ച്ചയിലാണ് അഭിപ്രായ ഭിന്നത പുറത്തായത്.

കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കോണ്‍ഗ്രസുമായി സഹകരണം വേണ്ട. എന്നാല്‍ ദേശീയ തലത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി അതാതു സംസ്ഥാനങ്ങളില്‍ സഖ്യം രൂപീകരിക്കണമെന്നായിരുന്നു കേരളത്തില്‍ നിന്നുള്ള ഒരു പറ്റം പ്രതിനിധികളുടെ അഭിപ്രായം. എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ട് പ്രതിനിധികളും ആലപ്പുഴയില്‍ നിന്നും കോട്ടയത്തു നിന്നുമുള്ള പ്രതിനിധികളുമാണ് ഈ അഭിപ്രായം ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉന്നയിച്ചത്.

 cpmhyderabad

രാജ്യത്തു ബിജെപിയെ പ്രതിരോധിക്കുകയെന്നത് സിപിഎം മാത്രം വിചാരിച്ചാല്‍ നടക്കില്ല. പകരം സിപിഎം നേതൃത്വം കൊടുക്കുന്ന ബദല്‍ സംവിധാനം രൂപീകരിച്ചു വേണം ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍. അതില്‍ നിന്ന് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയാല്‍ ബദല്‍ സംവിധാനം പാടെ തകരും. ത്രിപുരയിലും ബംഗാളിലും ഉണ്ടായ തോല്‍വികളെ കൂടി മുന്‍ നിര്‍ത്തി വേണം പരിശോധിക്കാന്‍. വടക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി യോജിച്ച ധാരണകളുടെ അടിസ്ഥാനത്തില്‍ മത്സരിച്ചാല്‍ വലിയ നേട്ടമുണ്ടാക്കാനാകുമെന്നും എറണാകുളത്തു നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ സിപിഎം സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്യുകയായിരുന്നു ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധി. ഈ നിലപാട് രാജ്യത്താകമാനമുള്ള സംസ്ഥാനങ്ങളില്‍ അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കണമെന്നും വാദിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയില്‍ പങ്കെടുത്ത മുഹമ്മദ് റിയാസ് യെച്ചൂരിയ്‌ക്കെതിരേയും കോണ്‍ഗ്രസ് സഹരത്തിനെതിരേയും രൂക്ഷവിമര്‍ശനമാണു നടത്തിയത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും കാരാട്ട് പക്ഷത്തെ പിന്‍ന്തുണച്ച് രംഗത്തെത്തിയതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ഗ്രൂപ്പ് ചര്‍ച്ച നിയന്ത്രിച്ചു.

പിന്നീട് എല്ലാവരുടേയും അഭിപ്രായങ്ങള്‍ ആരഞ്ഞ ശേഷം ഭൂരിപക്ഷ തിരുമാനമെന്ന നിലയിലാണ് കോണ്‍ഗ്രസ് സഹകരണത്തെ എതിര്‍ക്കുന്ന നിലപാട് കേരളം പൊതുചര്‍ച്ചയില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചത്. പൊതുചര്‍ച്ചയില്‍ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ്, കെ.കെ രാഗേഷ് എംപി, കെ.എന്‍ ബാലഗോപാല്‍ എന്നിവരെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിക്കുകയായിരുന്നു. ഭൂരിപക്ഷ തീരുമാനത്തിനു പുറമേ ഭേദഗതികള്‍ നിര്‍ദേശിക്കാനുള്ളവര്‍ക്ക് സ്റ്റിയറിങ് കമ്മിറ്റിയ്ക്ക് എഴുതി നല്‍കാമെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.

ഇതിനു പിന്നാലെ ഇന്നലെ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത മൂവരും രൂക്ഷ വിമര്‍ശനമാണ് യെച്ചൂരിയ്‌ക്കെതിരേ നടത്തിയത്. എന്നാല്‍ ന്യൂനപക്ഷ ലൈനിന് കൂടുതല്‍ പ്രതിനിധികളുടെ പിന്‍ന്തുണയുണ്ടെന്ന യെച്ചൂരി പക്ഷത്തിന്റെ വിശ്വാസം രഹസ്യ ബാലറ്റ് എന്നതാണ് നിര്‍ദ്ദേശിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ഇന്നലെ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത ആറുമുഖ നൈനാര്‍ ഈ ആവശ്യം മുന്നോട്ടു വച്ചിരുന്നു. ഈ സാഹചര്യത്തില്‍ അടവുനയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് രഹസ്യ ബാലറ്റ് നടപ്പാക്കിയാല്‍ കേരളത്തിലെ പ്രതിനിധി സംഘത്തില്‍ നിന്നും യെച്ചൂരിക്ക് അനുകൂലമായ കൊഴിഞ്ഞു പോക്കുണ്ടാകുമെന്ന നിരീക്ഷണമാണ് കാരാട്ട് പക്ഷത്തിനുള്ളത്.

അതുകൊണ്ടു തന്നെ രഹസ്യവോട്ടെടുപ്പു വേണ്ടതില്ലെന്ന നിലപാടാണ് കാരാട്ട് പക്ഷവും സ്വീകരിക്കുന്നത്. നിലവില്‍ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതനാന്ദനും മന്ത്രി തോമസ് ഐസക്കിനും യെച്ചൂരി ലൈനിനോട് യോജിപ്പാണുള്ളത്. ഇതുപോലെ സംസ്ഥാന കമ്മിറ്റിയിലും മറ്റ് പ്രതിനിധികളിലും യെച്ചൂരി ലൈനിനെ അനുകൂലിക്കുന്നവര്‍ രഹസ്യ ബാലറ്റ് വോട്ട് രേഖപ്പെടുത്തിയാല്‍ തിരിച്ചടിയായേക്കുമെന്ന ആശങ്കയാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.

English summary
cpm party congress; karala team clashes on opinions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X