മമതയെ വീഴ്ത്താൻ സിപിഎം വോട്ടുകൾ തുണച്ചെന്ന് സുവേന്ദു അധികാരി; ഇടത് വോട്ടർമാർക്ക് നന്ദി പറഞ്ഞ് ബിജെപി
ഭവാനിപൂരിൽ തന്നെ വിജയിപ്പിച്ചത് സിപിഎം വോട്ടർമാരാണെന്ന് മമത ബാനർജിയെ പരാജയപ്പെടുത്തിയ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി. ഇത് ദേശീയതയുടെയും ഹിന്ദുക്കളുടെയും വിജയമാണെന്നും സിപിഎം അണികളുടെ വോട്ടുകൾ തനിക്ക് കൃത്യമായി ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഭവാനിപൂരിൽ സിപിഎമ്മിന് പതിമൂവായിരത്തോളം വോട്ടുകളുണ്ടെന്നും അത് തന്റെ വിജയത്തിൽ നിർണ്ണായകമായെന്നുമാണ് സുവേന്ദു അധികാരിയുടെ പ്രതികരണം. പിന്തുണ നൽകിയ സിപിഎം വോട്ടർമാരോട് താൻ നന്ദി പറയുന്നതായും, ഈ പരാജയം മമത ബാനർജിയുടെ രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കലാകുമെന്നും സുവേന്ദു കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അവിശ്വസനീയമായ അട്ടിമറി കുറിച്ചുകൊണ്ടാണ് ഭവാനിപൂർ മണ്ഡലത്തിൽ നിന്നും ബിജെപി നേതാവ് സുവേന്ദു അധികാരി ഉജ്ജ്വല വിജയം നേടിയത്. മുഖ്യമന്ത്രി മമത ബാനർജിയെ അവരുടെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തിക്കൊണ്ട് സുവേന്ദു നേടിയ ഈ വിജയം ബംഗാളിലെ തൃണമൂൽ ഭരണത്തിന്റെ അന്ത്യം കുറിക്കുന്ന ഒന്നായി മാറി. 2021-ൽ നന്ദിഗ്രാമിൽ വെച്ച് മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി, 2026-ൽ അവരുടെ പാർട്ടി കോട്ടയായ ഭവാനിപൂരിലും വിജയം ആവർത്തിച്ചത് ബിജെപിയുടെ കരുത്ത് വർദ്ധിപ്പിച്ചു. ബംഗാളിലെ ക്രമസമാധാന നിലയും അഴിമതിയും പ്രധാന ചർച്ചാവിഷയമായ തെരഞ്ഞെടുപ്പിൽ, ഭരണമാറ്റം ആഗ്രഹിച്ച സാധാരണക്കാരായ വോട്ടർമാരുടെ പിന്തുണ സുവേന്ദുവിന് അനുകൂലമായി.

മമത ബാനർജിയുടെ പതനം ബംഗാൾ രാഷ്ട്രീയത്തിൽ ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. സുവേന്ദു അധികാരി 73,917 വോട്ടുകൾ നേടിയപ്പോൾ മമതയ്ക്ക് 58,812 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്. തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സുവേന്ദുവിന് സാധിച്ചു. ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാതെ ബിജെപിയിലേക്ക് എത്തിക്കുന്നതിൽ സുവേന്ദു വിജയിച്ചു. തൊഴിലില്ലായ്മയും അഴിമതിയും ഉയർത്തിക്കാട്ടിയുള്ള പ്രചാരണം യുവാക്കൾക്കിടയിൽ വലിയ ചലനമുണ്ടാക്കി. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറുന്നതോടെ ബംഗാളിന്റെ വികസനത്തിൽ പുതിയൊരു അധ്യായം തുടങ്ങുമെന്ന് സുവേന്ദു അധികാരി ഉറപ്പുനൽകി.












Click it and Unblock the Notifications