'മുസ്ലീങ്ങൾക്കെതിരെ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചു,ക്വിറ്റ് ഇന്ത്യ എന്ന് പറയേണ്ടത് ചൈനയോട്'; ഒവൈസി
ഡൽഹി: മണിപ്പൂർ വിഷയത്തിലെ അവിശ്വാസപ്രമേയ ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസദുദീൻ ഒവൈസി. മോദി സർക്കാർ ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ക്വിറ്റ് ഇന്ത്യ എന്ന് പറയേണ്ടത് ചൈനയോടാണെന്നും അദ്ദേഹം പറഞ്ഞു.
'എന്തുകൊണ്ടാണ് ഹരിയാനയിലെ നൂഹിൽ 750 മുസ്ലീങ്ങളടെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്? എന്തിനാണ് ബിൽക്കീസ് ബാനു കേസിലെ പ്രതികളെ സർക്കാർ വെറുതെ വിട്ടത്? എന്തിനാണ് മോദി സർക്കാർ ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചത്? എപ്പോഴാണ് ചൈനയും ഗോ രക്ഷകനായ മോനു മനേസ രാജ്യം വിടുക?', ഒവൈസി ചോദിച്ചു.

'ക്വിറ്റ് ഇന്ത്യയെ കുറിച്ച് അമിത് ഷാ ഇന്നലെ പറയുന്നത് കേട്ടു. ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം ഉണ്ടാക്കിയത് ഒരു മുസ്ലീമാണെന്ന് അറിയാമോ? അറിയുമായിരുന്നെങ്കിൽ അമിത് ഷാ അതിനെക്കുറിച്ച് പരാമർശിക്കുമായിരുന്നില്ല. കേന്ദ്ര സർക്കാർ ഇപ്പോൾ നടപ്പാക്കുന്ന രാഷ്ട്രീയം രാജ്യത്തിന് ദോഷം ചെയ്യുമെന്നാണ് എനിക്ക് പറയാനുള്ളത്. രാജ്യത്തേക്കാൾ പ്രധാനം ഹിന്ദുത്വമാണോ എന്നാണ് പ്രധാനമന്ത്രിയോടുള്ള എന്റെ ചോദ്യം. 'ക്വിറ്റ് ഇന്ത്യ' എന്നാണ് നിങ്ങൾ പറയുന്നത്, എന്തുകൊണ്ടാണ് 'ചൈന ക്വിറ്റ് ഇന്ത്യ' എന്നോ 'മോനു മനേസർ ക്വിറ്റ് ഇന്ത്യ' എന്നോ പറയാത്തത്', ഒവൈസി ചോദിച്ചു.
കൽഭൂഷൺ ജാഥവിനെ നിങ്ങൾ മറന്ന് പോയോ? അദ്ദേഹം ഇപ്പോൾ പാക്കിസ്ഥാനിലാണ്. ഖത്തറിൽ കഴിഞ്ഞ എട്ട് വർഷമായി ജയിലിൽ കിടക്കുന്ന നാവി ഓഫീസർമാരെ മറന്ന് പോയോ. ക്വിറ്റ് ഇന്ത്യ എന്ന് പറയണമെങ്കിൽ ആദ്യം ചൈനയോടെ ഇന്ത്യ വിട്ട് പോകാൻ പറയൂ.
അടുത്തിടെ ഒരു പോലീസ് കോൺസ്റ്റബിൾ താടിവെച്ച കാരണത്താൽ അദ്ദേഹത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥനെ ട്രെയിനിൽ വെച്ച് വെടിവെച്ച് കൊലപ്പെടുത്തി. ആ ട്രെയിനിൽ ഉണ്ടായിരുന്ന താടിവെച്ചവരുടെ പേര് ചോദിച്ചതിന് ശേഷം 3 പേരെ കൂടി അയാൾ കൊലപ്പെടുത്തി.നിങ്ങൾക്ക് ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ മോദിക്ക് വോട്ട് ചെയ്യണമെന്നാണ് അയാൾ പറഞ്ഞത്. ഇത് തീവ്രവാദമല്ലേയെന്നാണ് പ്രധാനമന്ത്രിയോട് എനിക്ക് ചോദിക്കാൻ ഉള്ളത്.
ധനമന്ത്രി ദ്രൗപദിയെ കുറിച്ച് സംസാരിക്കുന്നത് കേട്ടു, എന്താ ബിൽക്കീസ് ബാനു ഈ രാജ്യത്തിന്റെ മകളല്ലേ? ഗർഭിണിയായിരിക്കുമ്പോഴാണ് ബിൽക്കീസ് ബാനു ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. അവരിടെ അമ്മയേയും മകളേയും കൊലപ്പെടുത്തി. എന്നിട്ട് നിങ്ങൾ എന്താണ് ചെയ്തത് പ്രതികളെ വെറുതെ വിട്ടു. ഇതാണോ നിങ്ങളുടെ മനസാക്ഷി?', ഒവൈസി ചോദിച്ചു.












Click it and Unblock the Notifications