കാര്‍ ആക്‌സിഡന്റ്: ക്രിക്കറ്റ് താരം അറസ്റ്റില്‍
ലഖ്‌നൊ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സലില്‍ അങ്കോളയെ ലഖ്‌നൊ പോലീസ് അറസ്റ്റ് ചെയ്തു. ഹോണ്ട സിറ്റി കാറില്‍ അലക്ഷ്യമായി ഡ്രൈവ് ചെയ്ത് അപകടമുണ്ടാക്കിയതിനാണ് അറസ്റ്റ്. ഞായറാഴ്ച രാത്രിയാണ് ലഖ്‌നൊ സിറ്റി പോലീസ് അങ്കോളയെ പിടികൂടിയത്. അപകടത്തില്‍ ആളപായമില്ല.
നിര്‍ത്തിയിട്ട കാറില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ക്രിക്കറ്റ് താരം അറിയാതെ ആക്‌സിലറേറ്റര്‍ അമര്‍ത്തിയതാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലും ടെംപോ വാനുകളിലും കാര്‍ ഇടിച്ചു. ഡ്രൈവര്‍മാര്‍ ചേര്‍ന്ന് സലില്‍ അങ്കോളയെ പിടിച്ചുവച്ചു.

അങ്കോളയുടെ കാര്‍ ഇടിച്ചു തകര്‍ന്ന ടെംപോ വാനിന്റെ ഉടമ എല്‍ ഡി എ കോളനി സ്വദേശി മുഹമ്മദ് അഫ്രോസിന്റെ പരാതിയെ തുടര്‍ന്നാണ് ലഖ്‌നൊ പോലീസ് കേസെടുത്തത്. ഐ പി സി 337, 279, 427 വകുപ്പുകള്‍ പ്രകാരം അങ്കോളയ്‌ക്കെതിരെ കേസെടുത്തതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരേന്ദ്ര പ്രതാപ് പറഞ്ഞു. നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായ ക്രിക്കറ്റ് താരത്തെ പോലീസ് പിന്നീട് വിട്ടയച്ചു.
കാണ്‍പൂരില്‍ നിന്നും വരികയായിരുന്നു സലില്‍ അങ്കോള. മഹാരാഷ്ട്ര നമ്പറാണ് കാറിന്. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരമാണ് 46 കാരനായ അങ്കോള. ഒരു ടെസ്റ്റും 20 ഏകദിനങ്ങളും അങ്കോള ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. വലങ്കയ്യന്‍ ഫാസ്റ്റ് ബൗളറായ അങ്കോള ടെസ്റ്റില്‍ രണ്ടും ഏകദിനത്തില്‍ 13 ഉം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, മുംബൈ ടീമുകളുടെ രഞ്ജി ട്രോഫി താരമായിരുന്നു.












Click it and Unblock the Notifications