തലാഖ് നിരോധിക്കണമെന്ന് മുഹമ്മദ് ഷമിയുടെ ഭാര്യ; ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവാഹ മോചനത്തിന് ഏക രീതി നടപ്പാക്കണം എന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍. തലാഖിന്റെ വിവിധ രൂപങ്ങള്‍ നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുഹമ്മദ് ഷമി തന്നെ തലാഖ് ചൊല്ലിയെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. ഹര്‍ജി സ്വീകരിച്ച കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സമാനമായ ആവശ്യങ്ങളുമായി എത്തിയ മറ്റു ഹര്‍ജികള്‍ക്കൊപ്പം വാദം കേള്‍ക്കും. എല്ലാ ഹര്‍ജികളും ഒരുമിച്ചാണ് പരിഗണിക്കുക. ഈ വേളയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ ഹസിന്‍ ജഹാന്റെ അഭിഭാഷകന്‍ ദീപക് പ്രകാശിനോട് കോടതി നിര്‍ദേശിച്ചു.

ഏകപക്ഷീയമായ തലാഖ് വഴി വിഷമത്തിലായ വ്യക്തിയാണ് ഹസിന്‍ ജഹാന്‍ എന്ന് അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തലാഖുല്‍ ഹസന്‍ വഴിയാണ് തന്നെ വിവാഹ മോചനം ചെയ്തത്. 2022 ജുലൈ 23നാണ് മുഹമ്മദ് ഷമി തനിക്ക് തലാഖ് ചൊല്ലി നോട്ടീസ് അയച്ചത്. ശേഷം സമാനമായ ദുഃഖം സഹിക്കുന്നവരുമായി ഹസിന്‍ ജഹാന്‍ ബന്ധപ്പെട്ട് മുന്നോട്ട് പോകുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
തലാഖ് ഹസന്‍ ഉള്‍പ്പെടെ ഏകപക്ഷീയമായ എല്ലാ തരത്തിലുള്ള തലാഖുകളും സംബന്ധിച്ച പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കണം. മുസ്ലിം വ്യക്തി നിയമത്തിന്റെ കീഴിലുള്ള നിര്‍ദയമായ നിയമങ്ങളുടെ ഇരയാണ് ഞാന്‍. ഏകപക്ഷീയമായി പുരുഷന്‍ ചൊല്ലുന്ന തലാഖ് നിയമവിരുദ്ധമാക്കണം. ലിംഗത്തിന്റെ പേരില്‍ നേരിടുന്ന വിവേചനം തടയണം. സ്ത്രീകളുടെ മൗലിക അവകാശങ്ങളുടെ ലംഘനമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.
മുസ്ലിം വ്യക്തി നിയമത്തിലെ -ആപ്ലിക്കേഷന്‍ ആക്ട് 1937- സെക്ഷന്‍ രണ്ട് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടു. 1939ലെ മുസ്ലിം വിവാഹം റദ്ദാക്കല്‍ നിയമവും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം. തലാഖ് ഹസനില്‍ നിന്ന് മുസ്ലിം സ്ത്രീകളെ ഈ നിയമങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും തമ്മിലുള്ള കുടുംബ തര്‍ക്കം ഏറെ കാലമായി മാധ്യമങ്ങളില്‍ വാര്‍ത്തയാണ്. കൊല്‍ക്കത്ത സ്വദേശിയായ ഹസിന്‍ ജഹാന്‍ മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെയാണ് ഷമിയുമായുള്ള വിവാഹം നടന്നത്. പിന്നീട് ഷമിയുടെ കുടുംബം തന്നെ പീഡിപ്പിച്ചുവെന്ന് ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ബന്ധം ഒഴിയുന്നതിലേക്ക് എത്തിയത്. ഇപ്പോള്‍ രണ്ടു പേരും വേര്‍പ്പെട്ടാണ് താമസിക്കുന്നത്. ഒട്ടേറെ വിവാദങ്ങള്‍ നിലനില്‍ക്കവെയാണ് ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.


Click it and Unblock the Notifications