മുഹമ്മദ് ഷമി ഭാര്യയ്ക്ക് 4 ലക്ഷം രൂപ നല്‍കണം; കാരണം പറഞ്ഞ് കോടതി, സംഖ്യ കൂടി എന്ന് ആരാധകര്‍
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കോടതിയില്‍ തിരിച്ചടി. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ജീവനാംശ കേസില്‍ കല്‍ക്കത്ത ഹൈക്കോടതി വിധിച്ചത് ഭീമന്‍ തുക. ഓരോ മാസവും ഭാര്യയ്ക്കും മകള്‍ക്കുമായി ഷമി നാല് ലക്ഷം രൂപ നല്‍കണം എന്നാണ് വിധി. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതോടെ ഷമിയുടെ ആരാധകര്‍ കടുത്ത പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. എന്നാല്‍ ഷമിക്ക് ഇത്രയും ഉയര്‍ന്ന തുക വിധിക്കാന്‍ കാരണമുണ്ട് എന്ന് ജഡ്ജി വ്യക്തമാക്കി.
2014 ഏപ്രിലിലായിരുന്നു ഉത്തര്‍ പ്രദേശ് സ്വദേശിയായ ഷമിയും ബംഗാള്‍ സ്വദേശിയായ ഹസിന്‍ ജഹാനും തമ്മിലുള്ള വിവാഹം. മോഡലായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ഹസിന്‍ ജഹാന്റെ വിവാഹം കഴിഞ്ഞത്. നാല് വര്‍ഷമേ ഇരുവരും ഒരുമിച്ച് താമസിച്ചുള്ളൂ. 2018 മാര്‍ച്ചില്‍ ഹസിന്‍ ജഹാന്‍ ജാദവ്പൂര്‍ പോലീസില്‍ ഷമിക്കും കുടുംബത്തിനുമെതിരെ പരാതി നല്‍കി.

ഷമിയുടെ വീട്ടില്‍ വച്ച് മാനസികമായും ശാശീരികമായും പീഡിപ്പിച്ചുവെന്നും സ്ത്രീധനം കൂടുതല്‍ ചോദിച്ചു ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. കുഞ്ഞിനെ ഷമി അവഗണിക്കുകയാണെന്നും എല്ലാം തന്റെ മാത്രം ബാധ്യതയായി മാറിയെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചു. വിഷയം കോടതിയിലെത്തുകയും ജീവനാംശം നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു.
പ്രതിമാസം 1.3 ലക്ഷം രൂപ ഹസിന്‍ ജഹാനും മകള്‍ക്കും ഷമി ജീവനാംശമായി നല്‍കണം എന്നായിരുന്നു ആദ്യ വിധി. ഇത് മതിയായ തുകയല്ലെന്നും ഏഴ് ലക്ഷം രൂപ കിട്ടണം എന്നും ഹസിന്‍ ജഹാന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഹൈക്കോടതി ജീവനാംശ തുക നാല് ലക്ഷമാക്കി ഉയര്‍ത്തുകയാണ് ചെയ്തത്. ഇത് കൂടിപ്പോയി എന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് എന്തുകൊണ്ട് ഇത്രയും വലിയ തുക വിധിച്ചുവെന്ന കാര്യം വിശദീകരിച്ചിരിക്കുന്നത്.
ഹൈക്കോടതി പരിശോധിച്ച ഇക്കാര്യം
മുഹമ്മദ് ഷമി ഓരോ മാസവും സമ്പാദിക്കുന്ന പണം കണക്കാക്കിയാല്‍ നാല് ലക്ഷം തുക ചെറിയ സംഖ്യയാണ്. മകളുടെ ഭാവി പ്രധാനമാണ്. മാത്രമല്ല, മുമ്പ് ഹസിന്‍ ജഹാന്‍ ജീവിതം നയിച്ചിരുന്നത് വളരെ ഉയര്‍ന്ന നിലവാരത്തിലായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് നാല് ലക്ഷം തുക നിശ്ചയിച്ചത് എന്ന് ജഡ്ജി വിശദീകരിച്ചു. മാത്രമല്ല, ഹസിന്‍ ജഹാന്‍ മറ്റൊരു വിവാഹത്തിന് ഇതുവരെ തയ്യാറായിട്ടില്ല എന്നതും കോടതി പരിഗണിച്ചു.
അതേസമയം, ഹസിന്‍ ജഹാന്‍ കോടതി വിധിയില്‍ സംതൃപ്തി രേഖപ്പെടുത്തി. മകളെ മികച്ച സ്‌കൂളില്‍ ചേര്‍ക്കാന്‍ ഇനി സാധിക്കുമെന്ന് അവര്‍ പറഞ്ഞു. മകളുടെ ഭാവി ഓര്‍ത്ത് ഇതുവരെ തനിക്ക് ആശങ്കയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏഴ് വര്‍ഷമായി തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയായിരുന്നുവെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.
തനിക്ക് ഓരോ മാസവും ഏഴ് ലക്ഷം രൂപയും മകള്‍ക്ക് വേണ്ടി മൂന്ന് ലക്ഷം രൂപയും വേണമെന്നാണ് ഹസിന്‍ ജഹാന്‍ ഏറ്റവും ഒടുവില്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. മോഡലിങ് രംഗത്ത് വളരെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ഹസിന്‍ ജഹാന്‍. ഐപിഎല്‍ മല്‍സര വേദിയിലും അവര്‍ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്നു. അതേസമയം, ഹസിന്‍ ജഹാന് യാതൊരു വിഷമവും തങ്ങള്‍ വരുത്തിയിരുന്നില്ല എന്നാണ് ഷമിയുടെ കുടുംബം പറഞ്ഞത്. കുടുംബ കലഹത്തെ തുടര്‍ന്ന് ഷമി കായിക രംഗത്തും ഏറെ വെല്ലുവിളികള്‍ നേരിട്ടിരുന്നു.












Click it and Unblock the Notifications