' നോക്കൂ... ആര്‍എസ്എസിനെക്കുറിച്ച് എന്തൊരറിവാണ് എന്റെ ഭാര്യയ്ക്ക്..' വെട്ടിലായി രവീന്ദ്ര ജഡേജ, ട്രോള്‍പൂരം
അഹമ്മദാബാദ്: ഭാര്യയും ഗുജറാത്ത് എം എല്‍ എയുമായ റിവാബയുടെ ആര്‍ എസ് എസ് പരിജ്ഞാനത്തെ പുകഴ്ത്തി പോസ്റ്റ് പങ്ക് വെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വെട്ടില്‍. നിലവില്‍ ഇന്ത്യന്‍ ദേശീയ ടീമിലെ താരമായ രവീന്ദ്ര ജഡേജ ബി ജെ പിക്ക് വിധേയനായി എന്നും ബി സി സി ഐ ആര്‍ എസ് എസിനും സംഘപരിവാറിനും മുന്നില്‍ മുട്ടിലിഴയുന്നു എന്നുമാണ് രവീന്ദ്ര ജഡേജയ്ക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.
ആര്‍ എസ് എസിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് റിവാബ മറുപടി നല്‍കുന്ന വീഡിയോ ആയിരുന്നു രവീന്ദ്ര ജഡേജ ഡിസംബര്‍ 26 ന് പങ്ക് വെച്ചിരുന്നത്. വീഡിയോയില്‍ ആര്‍ എസ് എസിനെ കുറിച്ചുള്ള ചോദ്യത്തിന് സംഘടനയുടെ ദേശ സ്നേഹം, ദേശീയത, ത്യാഗം, ഐക്യം എന്നിവയെ കുറിച്ചെല്ലാം ആവേശത്തോടെ ആണ് 36 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിയില്‍ റിവാബ സംസാരിക്കുന്നത്.

ഈ വീഡിയോ പങ്ക് വെച്ച് കൊണ്ട് ആര്‍ എസ് എസിനെ കുറിച്ചുള്ള നിങ്ങളുടെ അറിവ് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ സംസ്‌കാരവും നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടന ആണ് ആര്‍ എസ് എസ് എന്നും രവീന്ദ്ര ജഡേജ വിശേഷിപ്പിക്കുന്നു. നിങ്ങളുടെ അറിവും കഠിനാധ്വാനവുമാണ് നിങ്ങളെ വ്യത്യസ്തയാക്കുന്നത്. അത് നിലനിര്‍ത്തുക എന്നാണ് രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതിന് പിന്നാലെ ആണ് രവീന്ദ്ര ജഡേജയ്‌ക്കെതിരേ വിമര്‍ശനവും ട്രോളും നിറയാന്‍ തുടങ്ങിയത്. ക്രിക്കറ്റ് മതിയാക്കിയോ എന്നും ബി സി സി ഐ ആര്‍ എസ് എസിനും ബി ജെ പിക്കും മുന്നില്‍ മുട്ട് മടക്കിയോ എന്നുമാണ് പലരും ചോദിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് റാഷിദ് ആല്‍വിയും രവീന്ദ്ര ജഡേജയുടെ ആര്‍ എസ് എസ് പ്രശംസക്ക് എതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.

ഇ ഡിയേയും ഇന്‍കം ടാക്സിനെയും ഭയന്ന് നടന്‍മാരും കായിക താരങ്ങളും എല്ലാം ബി ജെ പിയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു റാഷിദ് ആല്‍വി പറഞ്ഞത്. അതേസമയം വിമര്‍ശനം ശക്തമായതോടെ 'ഇന്ത്യന്‍' എന്ന അടിക്കുറിപ്പോടെ രാജ്യത്തിന്റെ പതാകയും ചേര്‍ത്ത് നെഞ്ചില്‍ കൈവെച്ചുനില്‍ക്കുന്ന തന്റെ ചിത്രം രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്യുകയും ചെയ്തു.

അതേസമയം രവീന്ദ്ര ജഡേജയ്ക്ക് പ്രതിരോധം തീര്‍ത്ത് ബി ജെ പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. രാജ്യസ്‌നേഹത്തെ കുറിച്ച് രവീന്ദ്ര ജഡേജ പറഞ്ഞത് ചിലര്‍ക്ക് രസിച്ചിട്ടില്ല എന്നാണ് ബി ജെ പി അനുഭാവികള്‍ പറയുന്നത്. സത്യം പറഞ്ഞ് തന്റെ ഭാര്യയെ പിന്തുണച്ചത് മാത്രമാണ് രവീന്ദ്ര ജഡേജ ചെയ്ത തെറ്റെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍നിന്നാണ് റിവാബ ബി ജെ പി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചത്.












Click it and Unblock the Notifications