ഇന്ധന നികുതിയായി പിരിച്ചത് കോടികൾ, സാധാരണ കുടുംബത്തിന് എന്ത് കിട്ടി; വിമർശനവുമായി ചിദംബരം
ചെന്നൈ; രാജ്യത്ത് ദിനംപ്രതി വർധിക്കുന്ന ഇന്ധന വിലക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. മോദി സർക്കാർ 26.5 ലക്ഷം കോടി രൂപ ഇന്ധന നികുതിയായി പിരിച്ചെടുത്തുവെന്നും ഈ ഭീമമായ തുക നികുതിയായി നൽകിയപ്പോൾ രാജ്യത്തെ ഒരു ശരാശരി കുടുംബത്തിന് എന്താണ് ലഭിച്ചത് എന്ന് അദ്ദേഹം ജനങ്ങളോട് പറയണമെന്നും ചിദംബരം പറഞ്ഞു. കഴിഞ്ഞ ദിവസവും പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് 80 പൈസ വീതം വീണ്ടും വർധിപ്പിച്ചിരുന്നു.
ട്വിറ്റർ വഴിയായിരുന്നു ചിദംബരത്തിന്റെ വിമർശനം. "മോദി സർക്കാരിന്റെ എട്ട് വർഷത്തിനിടെ 26,51,919 കോടി രൂപയാണ് ഇന്ധന നികുതിയായി കേന്ദ്രസർക്കാർ പിരിച്ചെടുത്തത്. ഇന്ത്യയിൽ ഏകദേശം 26 കോടി കുടുംബങ്ങളുണ്ട്. അതായത് ഓരോ കുടുംബത്തിൽ നിന്നും ശരാശരി 1,00,000 രൂപ ഇന്ധന നികുതിയായി കേന്ദ്രസർക്കാർ പിരിച്ചെടുത്തിട്ടുണ്ട്. നിങ്ങൾ നിങ്ങളോട് തന്നെ സ്വയം ചോദിക്കു ഇന്ധന നികുതിയായി ഇത്രയും വലിയ തുക അടച്ചതിന് ഒരു ശരാശരി കുടുംബത്തിന് എന്ത് പ്രതിഫലം ലഭിച്ചു" എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം പെട്രോളിനും ഡീസലിനും 8 രൂപയോളം ആണ് വർധനവ് രേഖപ്പെടുത്തിയത്. രാജ്യത്തുടനീളം നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ സംഭവവികാസങ്ങൾക്കനുസരിച്ച് ഓരോ സംസ്ഥാനത്തെയും പെട്രോൾ ഡീസൽ വിലകളിൽ വ്യത്യാസമുണ്ട്. നിലവിൽ രാജ്യ തലസ്ഥാനത്ത് പെട്രോൾ ലിറ്റർ 102.61 രൂപയിൽ നിന്ന് 103.41 രൂപയും ഡീസൽ നിരക്ക് ലിറ്റർ 93.87 രൂപയിൽ നിന്ന് 94.67 രൂപയും ആയിട്ടാണ് ഉയർന്നിരിക്കുന്നത്.
നേരത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നാല് മാസത്തോളം ഇന്ധന വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പ് തീർന്നതും മാർച്ച് 22ന് ആദ്യമായി ഇന്ധന വിലയിൽ വർധിപ്പിച്ചു. അതിന് ശേഷം ഇതുവരെ പതിനൊന്ന് തവണയാണ് വില വർധനവ് റിപ്പോർട്ട് ചെയ്തത്. റഷ്യ യുക്രൈൻ യുദ്ധമാണ് വില വർധനവിന് കാരണമാക്കിയത് എന്നാണ് അധികൃതർ നൽകുന്ന വിവരം. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് തിരുവനന്തപുരത്ത് 115രൂപ 10 പൈസയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വില 101 രൂപ 83 പൈസയിലെത്തി. കൊച്ചിയിൽ പെട്രോളിന് 113 രൂപ 2 പൈസയും ഡീസലിന് 99 രൂപ 98 പൈസയുമാണ് വില.












Click it and Unblock the Notifications