മാവോയിസ്റ്റ് വേട്ടയ്ക്കായി ഇതാദ്യമായി വനിതാ സൈനികരെ നിയോഗിച്ചു
ഒക്ടോബര്‍ 17ന് വനിതാ കമാന്‍ഡോകള്‍ ജാര്‍ഖണ്ഡലിലെ വനമേഖലയില്‍ ജോലിതുടങ്ങിക്കഴിഞ്ഞെന്ന് ജാര്‍ഖണ്ഡ് മേഖല സിആര്‍പിഎഫ് ഐജി സഞ്ജയ് എ ലത്കര്‍ സ്ഥിരീകരിച്ചു.
ദില്ലി: മാവോയിസ്റ്റ് വേട്ടയ്ക്കായി ഇതാദ്യമായി വനിതാ സൈനികരെയും നിയോഗിച്ചു. ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് മേഖലയിലാണ് സിആര്‍പിഎഫ് വനിതാ സൈനികരെ നിയോഗിച്ചിരിക്കുന്നത്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ വനമേഖലയിലാണ് 135 സ്ത്രീകള്‍ ഉള്‍പ്പെട്ട 232 ബറ്റാലിയന്‍ ഡെല്‍റ്റാ കമ്പനിയെ നിയോഗിച്ചത്.
ഒക്ടോബര്‍ 17ന് വനിതാ കമാന്‍ഡോകള്‍ ജാര്‍ഖണ്ഡലിലെ വനമേഖലയില്‍ ജോലിതുടങ്ങിക്കഴിഞ്ഞെന്ന് ജാര്‍ഖണ്ഡ് മേഖല സിആര്‍പിഎഫ് ഐജി സഞ്ജയ് എ ലത്കര്‍ സ്ഥിരീകരിച്ചു. നിയോഗിക്കപ്പെട്ട വനിതകള്‍ ഏത് ദുഷ്‌കര സാഹചര്യത്തിലും ജോലി ചെയ്യാന്‍ പരിശീലനം നേടിയിട്ടുള്ളവരും ധൈര്യശാലികളുമാണെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നീരജ് പാണ്ഡെ പറഞ്ഞു.

വനിതാ ഫോഴ്‌സിനെക്കൂടി നിയോഗിച്ചതോടെ വനമേഖലയിലെ സൈനികരുടെ ശക്തി വര്‍ദ്ധിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നക്‌സല്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുരുഷ സൈനികര്‍ക്കുള്ള എല്ലാ അവകാശങ്ങളും വനിതകള്‍ക്കും ഉണ്ടായിരിക്കും. ഇരുവരെയും ഒരുതരത്തിലും വേര്‍തിരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കൂടുതല്‍ വനിതാ സൈനികരെ ഇതേ രീതിയില്‍ ഭാവിയില്‍ ട്രെയിനിങ്ങിലൂടെ പുറത്തിറക്കും. നക്‌സലുകള്‍ക്കിടയില്‍ വനിതകളുള്ളതിനാല്‍ ഇവരെ കൈകാര്യം ചെയ്യാന്‍ വനിതാ സൈനികരുടെ സഹായം പ്രയോജനപ്പെടും. ഏതു സാഹചര്യത്തെയും നേരിടാന്‍ പര്യാപ്തമായ ട്രെയിനിങ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications