ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്താന്‍ പോകുന്നു? പ്രതികരിച്ച് ക്രെംലിന്‍
മോസ്‌കോ: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി റഷ്യന്‍ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊര്‍ജ്ജ വ്യാപാരം നിലവില്‍ തടസങ്ങളില്ലാതെ സുഗമമായി തുടരുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
വാഷിങ്ടണുമായുള്ള വ്യാപാര കരാര്‍ പ്രഖ്യാപിച്ച ശേഷം ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. റഷ്യയ്ക്കു പകരം യുഎസില്‍ നിന്നോ വെനിസ്വേലയില്‍ നിന്നോ ഇന്ത്യ എണ്ണ വാങ്ങുമെന്നും ട്രംപ് പറഞ്ഞു. ഈ അവകാശ വാദമാണ് ക്രെംലിന്‍ വക്താവ് തള്ളിക്കളഞ്ഞത്.

യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, റഷ്യന്‍ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുകയാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം പ്രതിസന്ധിയിലാകുന്ന ഘട്ടം വരെയുണ്ടായി. ഈ സമയത്തെല്ലാം റഷ്യയുമായി അടുത്ത സൗഹൃദം ഇന്ത്യ നിലനിര്‍ത്തി. ഇത് ട്രംപിനെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.
കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന റഷ്യന്‍ ക്രൂഡ് ഓയിലാണ് ഇന്ത്യയുടെ ആഭ്യന്തര എണ്ണ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറയ്ക്കാന്‍ പോകുന്നു എന്ന തരത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ പ്രതികരണം.
അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളില്‍ ട്രംപ് 25 ശതമാനം തീരുവ ചുമത്തിയ ശേഷം ഇന്ത്യ പ്രതിദിനം 1.5 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്യുന്നത്. റഷ്യയുടെ ക്രൂഡ് ഓയില്‍ വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഉടന്‍ നിര്‍ത്തുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പോലും പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധം ശക്തമായി തുടരുമെന്നും എണ്ണ വ്യാപാരത്തില്‍ പുതിയ മാറ്റങ്ങളൊന്നും നിലവിലില്ലെന്നും റഷ്യന്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ നിരന്തരം നടക്കുന്നുണ്ടെന്നും ഊര്‍ജ്ജ സുരക്ഷയുടെ കാര്യത്തില്‍ സഹകരണം തുടരുമെന്നുമാണ് റഷ്യയുടെ നിലപാട്.












Click it and Unblock the Notifications