കോണ്‍ഗ്രസ് തകരും: 2024 ല്‍ 400 ലേറെ സീറ്റുമായി വീണ്ടും അധികാരത്തിലെത്തും, അവകാശവാദവുമായി ബിജെപി
ദില്ലി: രണ്ടര വർഷത്തിലേറെ ഇനിയും സമയം ഉണ്ടെങ്കിലും 2024 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിക്കൊണ്ടുള്ള നീക്കങ്ങള്‍ ബി ജെ പിയും പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം തന്നെ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ബിഹാറില്‍ നിതീഷ് കുമാർ ബി ജെ പി സഖ്യം ഉപേക്ഷിച്ച് ആർ ജെ ഡി, കോണ്‍ഗ്രസ് സഖ്യത്തിലേക്ക് എത്തിയത് അടക്കമുള്ള നീക്കങ്ങളും ലോക്സഭ തിരഞ്ഞെടുപ്പിനോട് ചേർത്ത് വായിക്കുന്നവരുമുണ്ട്. 2019 ലേതിനേക്കാള്‍ ശക്തമായ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തി ബി ജെ പിയെ വീഴ്ത്താനാണ് കോണ്‍ഗ്രസ് ശ്രമം.
പ്രാധാനമന്ത്രി പദം ലക്ഷ്യം വെക്കുന്ന ഒന്നിലേറെ നേതാക്കള്‍ പ്രതിപക്ഷത്ത് ഉണ്ടെങ്കിലും ആദ്യം സഖ്യ രൂപീകരണം പിന്നീട് മറ്റ് തരത്തിലുള്ള ചർച്ചകള്‍ എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതേസമയം കോണ്‍ഗ്രസ് എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തിയാലും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വമ്പിച്ച വിജയം നേടുമെന്നാണ് കർണാടകയില്‍ നിന്നുള്ള മുതിർന്ന പാർട്ടി നേതാവ് സിടി രവി അഭിപ്രായപ്പെടുന്നത്. ഗോവയില്‍വെച്ച് മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗോവയിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലും ബി ജെ പി വിജയിക്കുമെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവുമായ സി ടി രവി വ്യക്തമാക്കി. കുടുംബവാഴ്ചയോടുള്ള കോൺഗ്രസിന്റെ അഭിനിവേശം പാർട്ടിയെ അതിന്റെ പൂർണ്ണ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'കോൺഗ്രസിന് ഇപ്പോള്‍ നിതി (നയം), നേതാ (നേതാവ്), നിയത്ത് (ഉദ്ദേശ്യം) എന്നിവയില്ല. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗോവയിലെ രണ്ട് സീറ്റുകളിലും ഞങ്ങൾ വിജയിക്കും... ഇന്ത്യയിലുടനീളം ബി ജെ പി 400 കടക്കും. കാരണം ഞങ്ങള്‍ക്ക് വ്യക്തമായ നയവും നേതാവും ഉദ്ദേശ്യവും ഉണ്ട്. കോൺഗ്രസ് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഞങ്ങൾ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു, "രവി ഗോവയില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാർട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അടിത്തറയൊരുക്കാനാണ് കേന്ദ്ര ബി ജെ പി നേതാക്കള്‍ ദില്ലിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. "നേരത്തെ സംസ്ഥാനത്ത് നയ പക്ഷാഘാതം ഉണ്ടായിരുന്നു, ഇന്നതില്ല്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് (ഇൻഡക്സ്) ഇന്ത്യ റാങ്കിങ് 2014-ന് മുമ്പ് 142 ആയിരുന്നെങ്കില്‍ നിലവില്‍ അത് നിന്ന് 63-ലേക്ക് ഉയർന്നു എന്നത് ശ്രദ്ധേയമാണ്''- സിടി രവി അവകാശപ്പെട്ടു.

ദേശീയ ജനാധിപത്യ സഖ്യ സർക്കാരിന്റെ നേതൃത്വത്തിലുള്ള മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി കേന്ദ്രത്തിലെ ബി ജെ പി സർക്കാർ രാജ്യത്ത് കണക്റ്റിവിറ്റിയുടെ വലിയ ശൃംഖല രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. '1998 മുതൽ 2004 വരെ അടൽജി അധികാരത്തിലിരുന്നപ്പോൾ, അക്കാലത്ത് രാജ്യത്തിന്റെ കണക്റ്റിവിറ്റി വളരെ അധികം വിപുലീകരിക്കപ്പെട്ടു. ടെലിഫോൺ ബന്ധം വേഗത്തിലാക്കി. ടെലിവിഷൻ ബന്ധം പോലും അടൽജിയുടെ ഭരണകാലത്ത് അഭിവൃദ്ധി പ്രാപിച്ചു. അതിനുമുമ്പ് ദൂരദർശൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് നാല് പരിപാടികൾ മാത്രമാണ് അന്ന് കാണിച്ചത്. ഇന്ന്, നിങ്ങൾ ഒരു റിമോട്ട് കൈവശം വച്ചാൽ, നിങ്ങൾക്ക് 300 മുതൽ 500 വരെ ചാനലുകൾ കാണാന്‍ സാധിക്കും'-അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ ഒരു ആഗോള നേതാവായി വളർന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. "ഉക്രെയ്ൻ-റഷ്യ യുദ്ധസമയത്ത്, ഇന്ത്യൻ വിദ്യാർത്ഥികൾ മാത്രമല്ല, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരും സുരക്ഷിതമായി മടങ്ങാൻ ഇന്ത്യൻ പതാക പിടിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഇന്ത്യയുടെ ശക്തി''- സിടി രവി അവകാശപ്പെട്ടു.

1986ൽ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ഒരിക്കൽ അദ്ദേഹം പറഞ്ഞത് കേന്ദ്രസർക്കാർ 100 രൂപ അയച്ചാൽ 15 രൂപയായിരിക്കും അവസാനത്തെ ആളിലെത്തുക എന്നുള്ളതാണ്. ഇന്ന്, 300-ലധികം സ്കീമുകൾ ഉണ്ട്, നമ്മൾ 100 രൂപ അയച്ചാൽ അത് കൃത്യമായി അവസാനത്തെ ആളിലേക്ക് തന്നെ എത്തിച്ചേരും. ഇക്കാര്യം വളരെ ആത്മവിശ്വാസത്തോടെ തന്നെ പറയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications