21 യുവതികളെ പീഡിപ്പിച്ചുകൊന്നയാള്‍ക്ക് വധശിക്ഷ
മംഗാലപുരം: നാലു മലയാളികളെയടക്കം 21 യുവതികളെ പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി മോഹന്‍കുമാറിന് 33 വര്‍ഷം തടവും വധശിക്ഷയും. മംഗലാപുരം നാലാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ബണ്ട്വാള്‍ കന്യാനയിലെ കായികാദ്ധ്യാപകനായ സയനൈയ് മോഹന്‍ എന്ന മോഹന്‍ കുമാറിന് ശിക്ഷ വിധിച്ചത്.
വിചാരണ പൂര്‍ത്തിയായ, സുള്ള്യ പെര്‍വാജയിലെ സുനന്ദ, ബണ്ട്വാള്‍ വാമനപദവിലെ ലീലാവതി, ബണ്ട്വാള്‍ ബരിമാറിലെ അനിത എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് ശിക്ഷ. ഹൈക്കോടതി അനുമതി തേടിയ ശേഷം ശിക്ഷ നടപ്പാക്കും. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും ഭവിഷ്യത്ത് അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രതി കുറ്റം ചെയ്തതെന്നും വിധി പ്രഖ്യാപിച്ചുകൊണ്ട് കോടതി വിലയിരുത്തി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നതാണ് കേസ്. അമ്പലത്തില്‍ പോയി താലി കെട്ടിയ ശേഷം ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തിലേര്‍പ്പെടും. തുടര്‍ന്ന് ഗര്‍ഭനിരോധന ഗുളികയാണെന്നു പറഞ്ഞ് സയനൈഡ് നല്‍കി കൊലപ്പെടുത്തും. മരണം ഉറപ്പാക്കിയാല്‍ സ്വര്‍ണവും പണവും സ്വന്തമാക്കി നാടുവിടും.
ദക്ഷിണ കന്നട, മടിക്കേരി, ഹാസന്‍, ബാംഗ്ലൂര്‍, മൈസൂര്‍, കേരളത്തില്‍ കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ വ്യാപിച്ചിരുന്നു ഇയാളുടെ തട്ടിപ്പ്. 2009 ഒക്ടോബര്‍ 21നാണ് മോഹന്‍കുമാര്‍ പൊലീസ് പിടിയിലായകുന്നത്. ബാക്കി 18 കേസുകളില്‍ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications