വീഡിയോ കോൾ വഴി വിവസ്ത്രയാക്കി; പോലീസ് ചമഞ്ഞ് അഭിഭാഷകയെ ഭീഷണിപ്പെടുത്തി 50000 രൂപ തട്ടി
മുംബൈ: 36 കാരിയായ അഭിഭാഷക ഓൺലൈൻ തട്ടിപ്പിന് ഇരയായി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വീഡിയോ കോളിനിടെ പരിശോധനയ്ക്കായി വസ്ത്രം ഊരണമെന്നും വനിതാ ഉദ്യോഗസ്ഥ പരിശോധിക്കുമെന്നും പറഞ്ഞ തട്ടിപ്പുകാർ ഈ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് വെയ്ക്കുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തു.
അഭിഭാഷകയുടെ പേരിലുള്ള സിം കാർഡും നമ്പറും ഒരു കള്ളപ്പണ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അത് കൊണ്ട് സിം കാർഡ് ഉടൻ ബ്ലോക്ക് ചെയ്യുമെന്നുമായിരുന്നു ഫോൺ സന്ദേശം. സിം കാർഡ് ബ്ലോക്ക് ചെയ്യാതിരിക്കണമെങ്കിൽ പോലീസിൽ നിന്ന് ക്ലിയറൻസ് വാങ്ങണമെന്നും തട്ടിപ്പുകാർ പറഞ്ഞിരുന്നു. തുടർന്ന് അന്ധേരി സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ ആൾക്ക് ഫോൺ കൈമാറുകയായിരുന്നു.
ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലുമായി ബന്ധമുണ്ടെന്നും ഇവർക്കെതിരെ എഫ് ഐ ആർ ഉണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞത്. ഭയന്നുപോയ അഭിഭാഷക തട്ടിപ്പുകാർ പറയുന്നത് പോലെ ചെയ്യുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. അഭിഭാഷക ഷോപ്പിംഗ് മാളിയായിരുന്നപ്പോഴാണ് ട്രായിൽ നിന്ന് ആണെന്ന് പരിചയപ്പെടുത്തി ഫോൺ കോൾ വന്നത്.

വീഡിയോ കോളിനിടെ, ആയുധങ്ങളുണ്ടോ എന്നും മുറിവുകളുണ്ടോ എന്നും പരിശോധിക്കാനെന്ന വ്യാജേന യുവതിയെ വസ്ത്രമില്ലാതെ പരിശോധിക്കണമെന്നും ഒരു വനിതാ ഉദ്യോഗസ്ഥയാണ് പരിശോധന നടത്തുക എന്നും പറഞ്ഞു. ഇതുപോലെ ചെയ്ത് 50000 രൂപ കൈമാറാനും പറഞ്ഞു. യുവതി ഇതുപോലെ ചെയ്യുകയും ചെയ്തു.
എന്നാൽ പിന്നാലെ യുവതിയുടെ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് കൂടുതൽ പണം ആവശ്യപ്പെട്ട് തട്ടിപ്പുകാർ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. ഈ സാഹചര്യത്തിലാണ് യുവതി പോലീസിൽ പരാതി നൽകിയത്. തട്ടിപ്പുകാരെ കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. പണം കൈമാറിയ അക്കൗണ്ടിന്റെ വിവരങ്ങൾക്കായി ബാങ്കന്റെ നോഡൽ ഓഫീസറെ പോലീസ് സമീപിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് മരവിപ്പിക്കാനും നിർദ്ദേശം നൽകി. സംഭവത്തിൽ അക്കൗണ്ട് ഉടമയെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന പോലീസ് പറഞ്ഞു.
സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും അവകാശവാദങ്ങളുടെ ആധികാരികത പരിശോധിക്കാതെ ഇത്തരം ആവശ്യങ്ങൾ സമ്മതിക്കരുതെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ സൈബർ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും പോലീസ് കാര്യമായി അന്വേഷണം നടത്തുകയാണ്.












Click it and Unblock the Notifications