ചുഴലിക്കാറ്റ്; റദ്ദാക്കിയത് 72 ട്രെയിനുകള്‍; ബാധിക്കുന്നത് ഈ റൂട്ടുകളെ: വിമാന യാത്രക്കാര്‍ ശ്രദ്ധിക്കാന്‍
ചെന്നൈ: മോന്‍താ ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശ് തീരം തൊടുമ്പോള്‍ അതീവ ജാഗ്രതയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. കനത്ത മഴയും കാറ്റും മുന്നില്‍ കണ്ട് തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും ചെയ്തു. ആന്ധ്രാ പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും മുന്നൊരുക്കങ്ങള്‍ നടത്തി.
ഇന്നും നാളെയുമായി ഷെഡ്യൂള്‍ ചെയ്തിരുന്ന 72 ട്രെയിനുകള്‍ റദ്ദാക്കിയതായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (എസ്സിആര്‍) അറിയിച്ചു. വിജയവാഡ, രാജമുന്ദ്രി, കാക്കിനാട തുറമുഖം, ഗുണ്ടൂര്‍, തെനാലി, മഛിലിപട്ടണം, വിശാഖപട്ടണം തുടങ്ങിയ റൂട്ടുകളിലാണ് യാത്രക്കാരുടെ സുരക്ഷയെ കരുതി സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് എസ്സിആര്‍ അറിയിച്ചു.

വിജയവാഡ-ഭീമാവരം, നിഡദവോലു-ഭീമാവരം, വിജയവാഡ-കാക്കിനാട തുറമുഖം, കാക്കിനാട തുറമുഖം-രാജമുന്ദ്രി, ഗുണ്ടൂര്‍-വിജയവാഡ, വിജയവാഡ-തെനാലി, റെപ്പല്ലെ-മാര്‍ക്കാപൂര്‍ റോഡ്, രാജമുന്ദ്രി-വിശാഖപട്ടണം, ചെന്നൈ സെന്‍ട്രല്‍-വിശാഖപട്ടണം, വിശാഖപട്ടണം, ചെന്നൈ സെന്‍ട്രല്‍-വിശാഖപട്ടണം എന്നീ മേഖലകളിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്.
അടിയന്തര സാഹചര്യം നേരിടാന്‍ ഡിവിഷണല്‍, ഹെഡ്ക്വാര്‍ട്ടേഴ്സ് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളും കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വാര്‍ റൂമും സജ്ജീകരിച്ചു. ട്രെയിന്‍ സര്‍വീസുകളുടെ പ്രവര്‍ത്തനങ്ങള്‍, പാലങ്ങളുടെ സുരക്ഷ, താഴ്ന്ന പ്രദേശങ്ങളിലെ ജലനിരപ്പ് എന്നിവ 24 മണിക്കൂറും നിരീക്ഷിക്കും. ട്രാക്കുകളും പ്രധാന പാലങ്ങളും നിരീക്ഷിക്കാന്‍ പട്രോളിംഗ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
വിജയവാഡ, രാജമുന്ദ്രി, കാക്കിനാട ടൗണ്‍, ഭീമാവരം, തെനാലി എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്റ്റേഷനുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പിആര്‍എസ് റീഫണ്ട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ ടീമുകള്‍, ആംബുലന്‍സുകള്‍, പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങള്‍ എന്നിവയും സജ്ജമാണ്.
Bulletin 1,2,3,4 - Cancellation/Diversion of Trains due to #CycloneMontha 📢@RailMinIndia @drmvijayawad @drmgnt @drmsecunderabad @drmhyb @drmgtl @DRMWaltairECoR @EastCoastRail pic.twitter.com/3YKVDtC3Lp
— South Central Railway (@SCRailwayIndia) October 27, 2025
ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെയാണ് മോന്‍താ ചുഴലിക്കാറ്റ് പ്രധാനമായും ബാധിക്കുക. രാജസ്ഥാനിലും മഹാരാഷ്ട്രയിലും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഒഡീഷ, വടക്കന്‍ ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന 43 ട്രെയിനുകള്‍ റദ്ദാക്കിയതായി ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അറിയിച്ചു. ഈ രണ്ടു ദിവസങ്ങളില്‍ യാത്രക്കാര്‍ അത്യാവശ്യ യാത്രകള്‍ മാത്രമേ നടത്താവുള്ളൂ എന്നും ട്രെയിന്‍ സര്‍വീസുകളുടെ നിലവിലുള്ള സ്റ്റാറ്റസ് ഔദ്യോഗിക റെയില്‍വേ പ്ലാറ്റ്‌ഫോമുകള്‍ വഴി പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിജയവാഡ, വിശാഖപട്ടണം രാജമുന്ദ്രി എന്നിവിടങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ വിമാന സര്‍വീസുകളെ ബാധിക്കുമെന്ന് ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ പ്രദേശങ്ങളിലുള്ളവര്‍ വിമാനത്താവളങ്ങളിലേക്ക് പോകുന്നതിനു മുമ്പ് ഫ്‌ളൈറ്റുകളുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യാത്ര നേരത്തെ ആസൂത്രണം ചെയ്യണമെന്നും ഇന്‍ഡിഗോ അറിയിച്ചു. വിമാനങ്ങള്‍ റദ്ദാക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് റീഫണ്ട് ക്ലെയിം ചെയ്യാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications