ആസാനി ചുഴലിക്കാറ്റ്: ആന്ധ്രയില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ഒഡിഷയ്ക്കും ബംഗാളിനും ജാഗ്രതാ നിര്‍ദ്ദേശം
ദില്ലി: കാക്കിനാഡയില്‍ നിന്ന് 330 കിലോമീറ്റര്‍ തെക്കുകിഴക്കും വിശാഖപട്ടണത്തിന് 350 കിലോമീറ്റര്‍ തെക്ക്-തെക്കുകിഴക്കും കേന്ദ്രീകരിച്ച് കേന്ദ്രീകരിച്ചിരിക്കുന്ന ആസാനി ചുഴലിക്കാറ്റ് മെയ് 10 ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തും ഒഡീഷ തീരത്തും പടിഞ്ഞാറ് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അസനി ചുഴലിക്കാറ്റായി ക്രമേണ ദുര്‍ബലമായേക്കാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്.
ചുഴലിക്കാറ്റ് ഒഡീഷയിലോ ആന്ധ്രയിലോ കരയില്‍ പതിക്കില്ലെന്നും കിഴക്കന്‍ തീരത്തേക്ക് സമാന്തരമായി നീങ്ങുകയും കനത്ത മഴയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര ഞായറാഴ്ച ഭുവനേശ്വറില്‍ പറഞ്ഞു. ഇതിനിടെ, ആസാനി ചുഴലിക്കാറ്റില്‍ എട്ട് മണിക്കൂറോളം പ്രക്ഷുബ്ധമായ കടലില്‍ കുടുങ്ങിയ ഒഡീഷയില്‍ നിന്നുള്ള 11 മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തി.

ആന്ധ്രാപ്രദേശ്
ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. തീരത്ത് മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ആന്ധ്രയുടെ വടക്കന്‍ തീരപ്രദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍ പോകരുതെന്നും ഇതിനകം കടലില്‍ പോയവര്‍ മടങ്ങിപ്പോകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ വീശിയടിച്ച ആസാനി ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ വിശാഖപട്ടണത്തെ മോശം കാലാവസ്ഥ ആന്ധ്രാപ്രദേശ് തീരനഗരത്തിലെ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. മോശം കാലാവസ്ഥ കാരണം കുര്‍ണൂല്‍, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വിശാഖപട്ടണം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതെ തിരിച്ചയക്കുകയും പലതും റദ്ദാക്കുകയും ചെയ്തു.
പശ്ചിമ ബംഗാള്‍
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് ആസാനി ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം പശ്ചിമ ബംഗാളില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെങ്കിലും, അടുത്ത രണ്ട് ദിവസത്തേക്ക് സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ തീരദേശ ജില്ലകളാണ് ഈ കണക്കില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. കിഴക്കന്‍ മിഡ്നാപൂര്‍, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ്, ഹൗറ എന്നീ ജില്ലകളിലാണ് പ്രധാനമായും ഇടത്തരം മുതല്‍ കനത്ത മഴ പ്രതീക്ഷിക്കുന്നത്. തലസ്ഥാനമായ കൊല്‍ക്കത്തയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാന ഭരണകൂടവും കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനും (കെ എം സി) ആസാനിയുടെ ആഘാതം കുറഞ്ഞ നഷ്ടം ഉണ്ടാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ വകുപ്പ്, പോലീസ്, സംസ്ഥാന അഗ്‌നിശമനസേന, വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ജാഗ്രതയിലാണ്. ചൊവ്വാഴ്ച മുതല്‍ തീരദേശ മേഖലകളിലും ഇടത്തരം മുതല്‍ കനത്ത മഴ വരെ പ്രവചിച്ചിട്ടുള്ള ജില്ലകളിലും മഴയുടെയും കൊടുങ്കാറ്റിന്റെയും ആഘാതം വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
തമിഴ്‌നാട്
വടക്കന്‍ ആന്ധ്രാപ്രദേശ് തീരമായ കാക്കിനാഡ മുതല്‍ വിശാഖപട്ടണം വരെ ദുര്‍ബലമായ ചുഴലിക്കാറ്റായി കടന്നുപോകുന്നതിനുമുമ്പ് ചെന്നൈ നഗരത്തിന് മുകളില്‍ മഴമേഘങ്ങളുടെ ഒരു കൂട്ടം രൂപപ്പെട്ടതിനാല്‍ ആസാനി ചുഴലിക്കാറ്റ് ചെന്നൈയ്ക്കും ആശ്വാസം പകരുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അസാനിയുടെ പ്രഭാവം കടന്നുപോയതിന് ശേഷം ഈ വാരാന്ത്യത്തില്‍ ചെന്നൈയില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ പ്രദീപ് ജോണ്‍ പറയുന്നു.












Click it and Unblock the Notifications