വീശിയടിക്കുന്ന ബിപോർജോയ്: ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ചിത്രം പുറത്തുവിട്ട് യുഎഇ സഞ്ചാരി
ഡല്‍ഹി: ഗുജറാത്തില്‍ വീശിയടിക്കുന്ന ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റിന്റെ ബഹിരാകാശ ചിത്രങ്ങള്‍ പുറത്ത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ബഹിരാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയാണ് ഗുജറാത്ത് തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുമ്പോഴുള്ള ചുഴലിക്കാറ്റിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നെയാദി തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവിട്ട ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
"എന്റെ മുൻ വീഡിയോയിൽ വാഗ്ദാനം ചെയ്തതുപോലെ, അറബിക്കടലിൽ രൂപപ്പെടുന്ന ബിപോർജോയ് ചുഴലിക്കാറ്റിന്റെ ചില ചിത്രങ്ങൾ ഇവിടെ പങ്കുവെക്കുന്നു. ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് രണ്ട് ദിവസങ്ങളിലായി ഞാൻ ക്ലിക്ക് ചെയ്തതാണ്," ചിത്രം പങ്കുവെച്ചുകൊണ്ട് അൽ നെയാദി ട്വിറ്ററില്‍ കുറിച്ചു.

രണ്ട് ദിവസം മുമ്പ്, അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് അതിതീവ്ര ചുഴിലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് നീങ്ങുന്നത് വ്യക്തമാക്കുന്ന ഒരു വീഡിയോയും അൽ നെയാദി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. "ഞാൻ എടുത്ത ഈ ദൃശ്യങ്ങളില്‍ അറബിക്കടലിൽ ഒരു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത് കാണുക. അന്താരാഷ്ട്ര ബഹിരാകാശ നിലയം നിരവധി പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് ഒരു സവിശേഷമായ കാഴ്ചപ്പാട് നൽകുന്നു, ഇത് കാലാവസ്ഥാ നിരീക്ഷണത്തിൽ ഭൂമിയിലെ വിദഗ്ധരെ സഹായിക്കും. എല്ലാവരും സുരക്ഷിതരായിരിക്കുക!" വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, ഇന്ന് വൈകീട്ടോടെ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തില്‍ തീരം തൊട്ടു. കച്ച്, സൗരാഷ്ട്ര മേഖലയിലേക്കാണ് ചുഴലിക്കാറ്റ് എത്തിയിരിക്കുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മേഖലയില്‍ നിന്ന് ഒരു ലക്ഷത്തോളം ആളുകളെ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഗുജറാത്ത് തീരത്തുടനീളം അതീവ ജാഗ്രത നിര്‍ദേശമാണ് സര്‍ക്കാര് പുറപ്പെടുവിച്ചിരിക്കുന്നത്.
കച്ചില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. രാത്രിയോടെ 125 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 131 താലൂക്കുകളില്‍ നിലവില്‍ മഴ ലഭിക്കുന്നു. സംസ്ഥാനത്ത് ആകെ 76 അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 25 എണ്ണം ജുനഗഡിലും 29 എണ്ണം സോമനാഥ് ഗിറിലുമാണ്.












Click it and Unblock the Notifications