ബിപോർജോയ്, ആഞ്ഞ് വീശിയ 'ദുരന്തം'; പേര് വന്നത് ഇങ്ങനെ
ദില്ലി: കാലാവസ്ഥാ പ്രവചനങ്ങൾ ശരിവെച്ച് ഗുജറാത്ത് തീരത്ത് വലിയ ദുരന്തം വിതച്ചിരിക്കുകയാണ് ബിപോർജോയ് ചുഴലിക്കാറ്റ്. മണിക്കൂറിൽ 130 കിമി വേഗത്തിൽ വീശിയടിച്ച കാറ്റ് വ്യാപകമായ നാശഷ്ടങ്ങൾക്കാണ് കാരണമായത്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മോച്ച' ചുഴലിക്കാറ്റിന് ശേഷം വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട രണ്ടാമത്തെ ചുഴലിക്കാറ്റായിരുന്നു ബിപോർജോയ്. ഈ മാസം 7 നായിരുന്നു കാലവസ്ഥാ പ്രവചനങ്ങൾ തെറ്റിച്ച് കൊണ്ട് അതിശക്തമായ ചുഴലിക്കാറ്റായി ബിപോർജോയ് മാറിയത്.

ബിജോർപോയ് എന്ന പേരിന്റെ അർത്ഥം
ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് 'ബിപോർജോയ്' എന്ന പേര് നൽകിയത്. ബംഗ്ല ഭാഷയിൽ 'ബിപോർജോയ്' എന്നാൽ ദുരന്തം എന്നാണ് അർത്ഥം. ലോക മിറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് സാധാരണ ചുഴലിക്കാറ്റുകൾക്ക് പേര് നൽകാറുള്ളത്. നിലവിലുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ക്രമം അനുസരിച്ചാണ് രാജ്യങ്ങൾ പേര് തിരഞ്ഞെടുക്കുന്നത്.
ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് എങ്ങനെയാണ് പേര് നൽകുന്നത്?
വേൾഡ് മിറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ), സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് പസഫിക് (ഇ എസ് സി എ പി) പാനൽ ഓൺ ട്രോപ്പിക്കൽ സൈക്ലോൺ (PTC) എന്നിവയുടെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്. മുന്നറിയിപ്പ് സന്ദേശങ്ങൾ പെട്ടെന്ന് തിരിച്ചറിയുന്നതിനും ഓർമ്മിക്കുന്നതിനും അക്കങ്ങൾക്ക് പകരം പേരുകളാണ് ചുഴലികാറ്റുകൾക്ക് നൽകാറുളളത്.
ആറ് പ്രാദേശിക മെറ്റീരിയോളജിക്കൽ സെന്റററുകളും (ആർഎസ്എംസി) അഞ്ച് പ്രാദേശിക ട്രോപ്പിക്കൽ സൈക്ലോൺ വാണിംഗ് സെന്ററുകളുമാണ് (ടിസിഡബ്ല്യുസി) ലോകമെമ്പാടുമുള്ള ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നൽകുന്നത്. തുടക്കത്തിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾക്ക് തോന്നുംപോലെയായിരുന്നു പേരുകൾ നൽകിയിരുന്നത്. എന്നാൽ പിന്നീട് അക്ഷരമാലാ ക്രമത്തിൽ പേരുകൾ നൽകാൻ തുടങ്ങി. ഈ പേരുകൾ ഉൾപ്പെടുത്തിയ ലിസ്റ്റ് നിശ്ചിത വർഷത്തെ ഇടവേളകൾക്ക് ശേഷം വീണ്ടും ഉപയോഗിക്കാനും രാജ്യങ്ങൾക്കിടയിൽ തീരുമാനമായി.
അറ്റ്‌ലാന്റിക്, ദക്ഷിണാര്‍ദ്ധഗോളത്തില്‍ (ഇന്ത്യന്‍ മഹാസമുദ്രം, ദക്ഷിണ പസഫിക്) ചുഴലികാറ്റുകൾക്ക് 13 രാജ്യങ്ങൾ ഉൾപ്പെട്ട സമിതിയാണ് പേര് നൽകുന്നത്. ബംഗ്ലാദേശ്, ഇറാന്‍, ഇന്ത്യ, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, തായ്ലന്‍ഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യെമന്‍, മാലിദ്വീപ്, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഈ പാനലിൽ ഉൾപ്പെടുന്നത്. ഉത്ഭവ സ്ഥലത്തെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങള്‍ ചുഴലിക്കാറ്റുകള്‍ക്ക് പേര് നൽകുന്നത്.
ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതിനുള്ള നിയമങ്ങൾ
1. രാഷ്ട്രീയപരമായോ, മതപരമായോ സൂചനകൾ നൽകുന്നതാകരുത്
2.ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകരുത്
3.പരുഷവും ക്രൂരമെന്ന് തോന്നിക്കുന്നതുമായുള്ള പേര് നൽകരുത്
4.ഹ്രസ്വവും ഉച്ചരിക്കാൻ എളുപ്പമുള്ളതുമായിരിക്കണം
5.പരമാവധി 8 അക്ഷരങ്ങളെ പേരിൽ ഉപയോഗിക്കാവൂ
6. ബംഗ്ലാദേശിന് ശേഷം ഇന്ത്യയാണ് അടുത്ത ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചിരിക്കുന്നത്. 'തേജ്' എന്നായിരിക്കും പേര് നൽകുക.












Click it and Unblock the Notifications