മുതല കൊടുങ്കാറ്റ് ആന്ധ്ര, ഒഡിഷ തീരത്തേക്ക്; 48 മണിക്കൂറിനകം തീരത്തെത്തും
ഒഡിഷയിലെ തീരപ്രദേശത്തെ ജില്ലകള്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ ഉഗ്രരൂപം പൂണ്ട 'മുതല'(ക്യാന്ത്) ചുഴലി കൊടുങ്കാറ്റ് 48 മണിക്കൂറിനകം തീരത്തെത്തുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രാ പ്രദേശ്, ഒഡിഷ തീരത്തേക്കാണ് കൊടുങ്കാറ്റിന്റെ സഞ്ചാരം. മ്യാന്‍മാറിലേക്ക് പോകുമെന്നു കരുതിയ കൊടുങ്കാറ്റ് ദിശമാറി ഇന്ത്യന്‍ തീരത്തോടടുക്കുകയാണ്.
ഒഡിഷയിലെ തീരപ്രദേശത്തെ ജില്ലകള്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഈ മാസം 27 മുതല്‍ 29 വരെ ശക്തമായ പേമാരി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 50 മൈല്‍ വേഗതയിലായിരിക്കും കാറ്റ് തീരത്തെത്തുകയെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ 'സ്‌കൈമെറ്റ് വെതര്‍' വിലയിരുത്തുന്നു.

തമിഴ്‌നാട്, കേരള തീരത്തും മഴയുണ്ടായേക്കുമെന്നാണ് സൂചന. ബംഗാള്‍ ഉള്‍ക്കടലില്‍ നാലു ദിവസം മുമ്പ് രൂപപ്പെട്ട ന്യൂനമര്‍ദം ചൊവ്വാഴ്ച ഉച്ചയോടെയാണ് ചുഴലിക്കാറ്റിന്റെ സംഹാര രൂപമാര്‍ജിച്ചത്. ഒഡിഷ സര്‍ക്കാര്‍ തീരപ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങിയട്ടുണ്ട്. സ്‌കൂളുകള്‍ക്കും മറ്റും സര്‍ക്കാര് അവധി പ്രഖ്യാപിച്ചു.
ദീപാവലിക്ക് 2 ദിവസംമാത്രം ശേഷിക്കെ കൊടുങ്കാറ്റിന്റെ സാന്നിധ്യം ജനങ്ങളില്‍ ഭീതിയുണ്ടാക്കിയിരിക്കുകയാണ്. ആഘോഷ പരിപാടികള്‍ മാറ്റിവെക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കാറ്റ് ശക്തികുറഞ്ഞ് ദിശമാറിപ്പോവുകയാണെങ്കില്‍ വലിയ നാശനഷ്ടങ്ങള്‍ ഒഴിവാകും.












Click it and Unblock the Notifications