ശക്തിയാര്‍ജിച്ച് മോന്‍താ ചുഴലിക്കാറ്റ് തീരത്തേക്ക്; കരതൊടുന്നത് 110 കിലോമീറ്റര്‍ വേഗത്തില്‍: റെഡ് അലേര്‍ട്ട്
അതിതീവ്ര ചുഴലിക്കാറ്റായി മോന്‍താ ആന്ധ്രാ തീരത്തേക്ക് അടുക്കുന്നു. നിലവില്‍ ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് മോന്‍ത. വൈകീട്ടോ അല്ലെങ്കില്‍ രാത്രിയോടെയോ മഛിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍, കാക്കിനാടയ്ക്ക് സമീപം മോന്‍താ കരയില്‍ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ആഞ്ഞ് വീശുമെന്നാണ് അറിയിപ്പ്.
ആന്ധ്രയ്‌ക്കൊപ്പം ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. ആന്ധ്രയിലും തെക്കന്‍ ഒഡീഷയിലും തമിഴ്‌നാട്ടിലെ വടക്കന്‍ ജില്ലകളിലും രാവിലെ മുതല്‍ തന്നെ മഴ തുടങ്ങിയിട്ടുണ്ട്. കാക്കിനാട മേഖലയില്‍ ഇതിനകം മോന്‍തയുടെ പ്രത്യാഘാതം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കുന്നുണ്ട്. ആന്ധ്രാ പ്രദേശിലെ വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബസ്, ട്രെയിന്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

ആന്ധ്രയുടെ തീരപ്രദേശത്ത് നിന്നും കിഴക്കന്‍ പടിഞ്ഞാറന്‍ ഗോദാവരി, കോനസീമ, വിശാഖപട്ടണം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. മത്സ്യബന്ധനം നിരോധിച്ചു. പതിനാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി നല്‍കിയിരിക്കുകയാണ്.
കാക്കിനാട, ഈസ്റ്റ് ഗോദാവരി, കോനസീമ, എളുരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ തുടങ്ങിയ ജില്ലകളില്‍ ഈ മാസം 31 വരെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകള്‍ വിവിധ ജില്ലകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ വിവിധ ജില്ലകളില്‍ താത്കാലിക ഹെലിപ്പാഡുകള്‍ തുറക്കാനും സൈന്യത്തോട് സജ്ജരായിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
വൈദ്യുതിയും ജലവിതരണവും തടസമില്ലാതെ ഉറപ്പാക്കാനും ദുരിതാശ്വാസ കേന്ദ്രങ്ങളും മെഡിക്കല്‍ യൂണിറ്റുകളും സജ്ജമാക്കാനും മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്ര മുഖ്യമന്തി ചന്ദ്രബാബു നായിഡുവിനെ വിളിച്ച് സാഹചര്യം ആരായുകയും സഹായം ഉറപ്പ് നല്‍കുകയും ചെയ്തു.
ഒഡീഷയിലെ തെക്കന്‍ ജില്ലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഒക്ടോബര്‍ 30 വരെ സ്‌കൂളുകള്‍ക്ക് അവധിയാണ്. ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ വടക്കന്‍ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കലിലെടുത്ത് നൂറോളം ട്രെയിനുകള്‍ റദ്ദാക്കിയെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയവയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമല്ല എക്‌സ്പ്രസ് ട്രെയിനുകളുമുണ്ട്. രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കും മഴ അലേര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
രാജമുന്ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കിയത്. നാളെയും പല ട്രെയിനുകളും ഓടില്ല. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം വിശദമായ സുരക്ഷാ വിലയിരുത്തലിന് ശേഷം മാത്രമേ റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കൂ എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഒഡീഷ-ആന്ധ്ര റൂട്ടിലെ നിരവധി സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം വിശാഖപട്ടണം വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും എല്ലാ സര്‍വീസുകളും റദ്ദാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ വിമാനത്തിന്റെ നിലവിലെ സമയക്രമം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ആന്ധ്രയിലെ ചില സ്ഥലങ്ങളില്‍ 90-150 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പുള്ളത്. ഹൈദരാബാദ് നഗരത്തിലെ പല സ്ഥലങ്ങളിലും ഇതിനകം കനത്ത മഴ പെയ്തു. ഇതുമൂലം റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഹൈദരാബാദിലേക്ക് വരുന്ന നിരവധി ട്രെയിനുകള്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications