നിവാർ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ ബുധനാഴ്ച പൊതുഅവധി, ജനങ്ങളോട് വീടുകളിൽ കഴിയാൻ നിർദ്ദേശം
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച തമിഴ്നാട് തീരം തൊടാനിരിക്കെ സംസ്ഥാനത്ത് നാളെ (ബുധനാഴ്ച ) പൊതു അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉത്തരവിട്ടു. ചുഴലിക്കാറ്റിന്റെ സാഹചര്യം കണക്കിലെടുത്ത് ആളുകള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതോടൊപ്പം സര്‍ക്കാര്‍ ഏജന്‍സികള്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടൊപ്പം 22 അടിക്ക് മുകളില്‍ ലെവല്‍ ഉയര്‍ന്നാല്‍ ചെമ്പറമ്പാക്കം തടാകത്തില്‍ നിന്ന് വെള്ളം ഒഴുക്കി വിടാനും മുഖ്യമന്ത്രി ഉത്തരവിറക്കി. നിലവില്‍ 21.2 അടിയിലാണ് വെള്ളമുള്ളത്.
അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും മറ്റും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ചെന്നൈയിലും ഇന്ന് നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നഗരത്തില്‍ 100 മുതല്‍ 110 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനാണ് സാധ്യത.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ പല ജില്ലകളിലും ബസ് സര്‍വീസ് നിര്‍ത്തലാക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. തീരപ്രദേശത്തെ ജില്ലകളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് ഗവര്‍ണര്‍ ഉത്തരവിട്ടിരിക്കുന്നത്. പുതിയ ഉത്തരവ് വരുന്നതുവരെ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതിനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ ബസ് ഗതാഗതം സ്തംഭിച്ചു, കാറ്റ് തീരം തൊടാനിരിക്കെ കനത്ത ജാഗ്രത