യാസ് ചുഴലിക്കാറ്റ് അതിതീവ്രതയാർജിച്ച് നാളെ ഇന്ത്യൻ തീരത്തെത്തും; കനത്ത ജാഗ്രത
യാസ് ചുഴലിക്കാറ്റ്, Yaas Cyclone, Cyclone, Weather, ചുഴലിക്കാറ്റ്, കാലാവസ്ഥ, Cyclone yaas in eastern coast, cyclone yaas west bengal, heavy rainfall alerst
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് യാസ് ചുഴലിക്കാറ്റായി ഇന്ത്യൻ തീരത്തേക്ക്. അതിതീവ്രതയാർജിച്ച് നാളെ ഉച്ചയോടെ യാസ് ചുഴലിക്കാറ്റ് ഒഡിഷ-ബംഗാൾ തീരത്ത് ആഞ്ഞടിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഈ വർഷം രൂപംകൊള്ളുന്ന ആദ്യ ചുഴലിക്കാറ്റാണിത്. അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് പടഞ്ഞാറൻ തീരങ്ങളിൽ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് കിഴക്കൻ സംസ്ഥാനങ്ങൾക്ക് വെല്ലുവിളിയായി യാസും എത്തുന്നത്.

ബംഗാളിനും ഒഡിഷക്കുമിടയിൽ പാരദ്വീപിനും സാഗർ ഐലൻഡിനും മധ്യേയായാണ് കാറ്റ് തീരം തൊടുകയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 155-165 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശിയടിക്കുക. കനത്ത മഴയും അതിശക്തമായ കാറ്റുമാണ് വരും ദിവസങ്ങളിൽ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ പ്രതീക്ഷിക്കുന്നത്. യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഇപ്പോൾ തന്നെ ഒഡീഷ, പശ്ചിമ ബംഗാൾ, അന്തമാൻ തീരത്ത് കനത്ത മഴയാണ്. ജാർഖണ്ഡ്, ബീഹാർ ,അസം എന്നിവിടങ്ങളിലും മഴ ലഭിക്കും.
വിപുലമായ മുന്നൊരുക്കങ്ങളാണ് യാസ് ചുഴലിക്കാറ്റിനെ നേരിടാൻ ബംഗാൾ, ഒഡീഷ തീരങ്ങളിലെടുത്തിരിക്കുന്നത്. ചുഴലിക്കാറ്റിന് മുൻപ് തന്നെ കിഴക്കൻ തീരത്തുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും മുന്നൊരുക്കങ്ങളെ പറ്റി സംസാരിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒഡിഷ, ആന്ധ്ര, ബംഗാൾ മുഖ്യമന്ത്രിമാരുമായും അന്തമാൻ-നികോബാർ െലഫ്റ്റനൻറ് ഗവർണറുമായും ഓൺലൈൻ വഴി ചർച്ച നടത്തി.
ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. . ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെ വിന്യസിച്ചു. നാവിക സേനയുടെ നാല് കപ്പലുകൾക്ക് രക്ഷപ്രവർത്തനത്തിന് തയ്യാറായിരിക്കാൻ നിർദ്ദേശം നല്‍കി. കോസ്റ്റ് ഗാർഡിന്റെ നേത്യത്വത്തിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കോവിഡ് നടപടി ക്രമങ്ങൾ പാലിച്ച് ചുഴലിക്കാറ്റ് ബാധിത മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ഒഡിഷയിൽ തുടങ്ങി.
ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തും ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ മഞ്ഞ അലെർട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും തടസമില്ല.












Click it and Unblock the Notifications