ഗുകേഷ് ലോക ചാമ്പ്യൻ; വിശ്വനാഥ് ആനന്ദിന് ശേഷം കിരീടം ചൂടുന്ന ഇന്ത്യക്കാരൻ
സിങ്കപ്പൂർ; ചെസിൽ ലോകചാമ്പ്യനായി ഇന്ത്യൻ ഗ്രാന്റ്മാസ്റ്റർ ഡി ഗുകേഷ്.മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. ഇതോടെ വിശ്വനാഥൻ ആനന്ദിന് ശേഷം ചെസിൽ ലോകീരിടം നേടുന്ന ഇന്ത്യക്കാരനെന്ന നേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയിരിക്കുന്നത്. ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് 18 കാരനായ ഗുകേഷ്.
13 റൗണ്ട് മത്സരങ്ങളിൽ ഇരുവരും രണ്ട് ഗെയിം വീതമാണ് ജയിച്ചത്. ബാക്കി ഒൻപത് ഗെയിമുകളിലും സമനിലയിലായിരുന്നു. 13ാം റൗണ്ടിലെത്തിയപ്പോൾ 6.5 പോയിന്റുകളായിരുന്നു ഇരുവർക്കും ഉണ്ടായിരുന്നത്. എന്നാൽ 14ാം റൗണ്ടിൽ അതിസമർത്ഥമായി ലിറനെ ഗുകേഷ് വീഴ്ത്തുകയായിരുന്നു. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിൽ ലിറന്റെ പിഴവുകൾ കൃത്യമായി മുതലെടുക്കാൻ ഗുകേഷിന് സാധിച്ചതാണ് കിരീടനേട്ടത്തിന് സഹായിച്ചത്.

55ാ-മത്തെ നീക്കത്തിലായിരുന്നു ലിറൻ വലിയ പിഴവ് വരുത്തിയത്. ഇത് വളരെ വേഗത്തിൽ തിരിച്ചറിയാൻ ഗുകേഷിന് സാധിച്ചു. തന്റെ പിഴവ് തിരിച്ചറിയാൻ സമയമെടുത്തുവെന്നായിരുന്നു ഞെട്ടിച്ച തോൽവിക്ക് പിന്നാലെ ലിറൻ പ്രതികരിച്ചത്. അതേസമയം ആദ്യഘട്ടത്തിൽ ലിറന്റെ പിഴവ് മനസിലായില്ലെന്നും എന്നാൽ അത് മനസിലാക്കിയപ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായി അത് മാറിയെന്നും ഗുകേഷ് പ്രതികരിച്ചു.
'ഡിങ് ആരാണെന്ന് നമ്മൾക്കെല്ലാവർക്കും അറിയാം. വർഷങ്ങളായി ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം. വലിയ സമ്മർദ്ദങ്ങൾക്കിടയിലും അദ്ദേഹം മികച്ച മത്സരമാണ് കാഴ്ചവെച്ചത്. എന്നെ സംബന്ധിച്ച് ഡിങ് ആണ് യഥാർത്ഥ ലോകചാമ്പ്യൻ. അദ്ദേഹം ഒരു ചാമ്പ്യനെ പോലെ പോരാടി. ഈ വിജയത്തിൽ എന്റെ എതിരാളിക്ക് നന്ദി പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹമില്ലാതെ ഈ വിജയം എനിക്ക് സാധ്യമാകുമായിരുന്നില്ല', വൈകാരികമായി ഗുകേഷ് പ്രതികരിച്ചു.
ചെന്നൈ സ്വദേശിയാണ് ഗുകേഷ്. 2015ൽ എട്ടാം വയസിലാണ് ഗുകേഷ് ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ തന്റെ ആദ്യ കിരീടം സ്വന്തമാക്കുന്നത്. 2018ൽ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലും വിജയിച്ചു.2018-ൽ, അണ്ടർ - 12 ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ 5 സ്വർണ്ണ മെഡലുകളും താരം നേടി. 2019 ൽ തന്റെ 12ാമത്തെ വയസിലാണ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്ററായത്. 2022 ഒക്ടോബറിൽ, മാഗ്നസ് കാൾസണെ തോൽപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും ഗുകേഷ് മാറി.
കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിച്ചാണ് ലോകചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഗുകേഷ് യോഗ്യത നേടിയത്.












Click it and Unblock the Notifications