കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ മൂന്ന് ശതമാനം ഉയര്‍ത്തി; ശമ്പളം എത്ര വര്‍ധിക്കും? അറിയാം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) മൂന്ന് ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്ര മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ ഇതിന്റെ നേട്ടം ലഭിക്കും. വര്‍ഷത്തില്‍ രണ്ടുതവണയാണ് ജീവനക്കാരുടെ ഡിഎ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുക. ഇതോടെ മൊത്തം ക്ഷാമബത്ത 63 ശതമാനമായി ഉയര്‍ന്നു. 1.16 കോടി പേര്‍ക്ക് നേട്ടമാകുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം.
ഈ വര്‍ഷത്തെ ആദ്യ ഡിഎ വര്‍ധന കഴിഞ്ഞ ഏപ്രിലില്‍ ആണ് പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് മുതല്‍ ലഭിക്കേണ്ട ഡിഎയായിരുന്നു അത്. രണ്ട് ശതമാനമായിരുന്നു അന്നത്തെ വര്‍ധന. എന്നാല്‍ ഇപ്പോള്‍ മൂന്ന് ശതമാനം വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം മാത്രമാണ് ക്ഷാമ ബത്തില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായി എന്ന് ചുരുക്കം. ശമ്പളക്കാര്‍ക്ക മാത്രമല്ല, പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ നേട്ടം ലഭിക്കും.

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസവും ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള ആറ് മാസവുമാണ് ഡിഎ വര്‍ധനവിന് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുക. ആദ്യത്തേത് ഹോളിക്കും രണ്ടാമത്തേത് ദീപാവലി ആഘോഷ വേളയിലുമാണ് പ്രഖ്യാപിക്കുക. ഈ ഡിഎ വര്‍ധനവ് ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാണ്. അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമായിരിക്കും ഇനി മുതല്‍ ഡിഎ.
ശമ്പളത്തില്‍ ഭീമമായ വര്‍ധനവ് ഇതുണ്ടാക്കില്ലെങ്കിലും അടിസ്ഥാന ശമ്പളം വച്ച് പരിശോധിച്ചാല്‍ എത്ര വര്‍ധന ലഭിക്കുമെന്ന് മനസിലാക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎയും പെന്‍ഷന്‍കാര്‍ക്ക് ഡിആറുമാണ് വര്‍ഷത്തില്‍ രണ്ട് തവണ വര്‍ധിപ്പിക്കുക. സര്‍ക്കാരിന്റെ പ്രഖ്യാപനം പൂജയ്ക്ക് മുമ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വൈകുന്നതില്‍ ജീവനക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എപ്പോള്‍ പ്രഖ്യാപിച്ചാലും മുന്‍കാല പ്രാബല്യത്തോടെ ലഭിക്കുമെന്നതാണ് നേട്ടം.
പണപ്പെരുപ്പം, അവശ്യവസ്തുക്കളുടെ വില വര്‍ധനവ്, സംസ്ഥാനങ്ങളിലെ ഡിഎ വര്‍ധനവ് എന്നിവയെല്ലാം ഒത്തുനോക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഡിഎ വര്‍ധനവ് പ്രഖ്യാപിക്കുന്നത്. വിപണിയില്‍ സംഭവിക്കുന്ന വില മാറ്റം ജീവനക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് ഇടക്കാല ആശ്വാസമെന്നോണം ഡിഎ വര്‍ധിപ്പിക്കുന്നത്.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ കാത്തിരിക്കുന്നത് എട്ടാം ശമ്പള കമ്മീഷന്റെ ശമ്പള വര്‍ധനവ് പ്രഖ്യാപനമാണ്. കമ്മീഷന്‍ പഠനം തുടരുകയാണ്. അടുത്ത വര്‍ഷം ജൂലൈയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ. റിപ്പോര്‍ട്ട് പഠിച്ച ശേഷം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുന്നതോടെ പുതുക്കിയ ശമ്പളം ലഭിക്കും. വന്‍ വര്‍ധനവ് ശമ്പളത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications
