ഡിഎ വര്‍ധനവ് ഇല്ല; ആ 18 മാസം പോലെ ആകുമോ ഇത്തവണ, പ്രതിഷേധവുമായി സര്‍ക്കാര്‍ ജീവനക്കാര്‍
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതുവരെ ക്ഷാമ ബത്ത വര്‍ധനവ് പ്രഖ്യാപിച്ചില്ല. സാധാരണ മാര്‍ച്ച് മാസം പ്രഖ്യാപിക്കുന്ന ഡിഎ വര്‍ധനവ് ഏപ്രില്‍ പകുതിയായിട്ടും പ്രഖ്യാപിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിലെ ഒരു വിഭാഗം ഇന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രതിഷേധിക്കും. എത്രയും വേഗം വര്‍ധനവ് നടപ്പാക്കണം എന്ന് ജീവനക്കാരുടെ സംഘടനയായ സിസിജിഇഡബ്ല്യു കാബിനറ്റ് സെക്രട്ടറിയെ അറിയിച്ചു.
ഓരോ വര്‍ഷവും രണ്ട് തവണയാണ് ഡിഎ വര്‍ധിപ്പിക്കാറുള്ളത്. ജനുവരി-ജൂണ്‍, ജൂലൈ-ഡിസംബര്‍ എന്നിങ്ങനെയാണ് സമയം കണക്കാക്കുക. ഇതില്‍ ആദ്യത്തതേത് ഹോളി ആഘോഷത്തോട് അനുബന്ധിച്ച് മാര്‍ച്ച് മാസമാണ് പ്രഖ്യാനമുണ്ടാകുക. രണ്ടാമത്തേത് സെപ്തംബറില്‍ ദീപാവലി ആഘോഷത്തോട് അനുബന്ധിച്ചുമാണ് പ്രഖ്യാപനം വരിക.

ഇത്തവണ ഏപ്രില്‍ പകുതിയായ സാഹചര്യത്തില്‍ ഇനി ഡിഎ വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല എന്ന പ്രചാരണവുമുണ്ട്. കോവിഡ് കാലത്ത് ഒന്നര വര്‍ഷം ഡിഎ വര്‍ധിപ്പിച്ചിരുന്നില്ല. സമാനമായ അവസ്ഥ ഇത്തവണ ഉണ്ടാകുമോ എന്നാണ് ജീവനക്കാരുടെ ആശങ്ക. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രതിഷേധം ആരംഭിക്കാന്‍ തീരുമാനിച്ചതും കാബിനറ്റ് സെക്രട്ടറിക്ക് കത്ത് നല്‍കിയതും.
ജനുവരി മുതലുള്ള ഡിഎ അനുവദിക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഒരു മണിക്കൂര്‍ നീണ്ട പ്രതിഷേധമാണ് ഇന്ന് തീരുമാനിച്ചിരിക്കുന്നത്. ഡിഎ വിഷയത്തില്‍ മാത്രമാണ് ഇന്നത്തെ പ്രതിഷേധം. ഉപഭോക്തൃ വിലസൂചികയിലെ പണപ്പെരുപ്പം പരിശോധിച്ചാണ് വര്‍ഷത്തില്‍ രണ്ട് തവണ ഡിഎ വര്‍ധിപ്പിച്ചിരുന്നത്. വിലക്കയറ്റം ശക്തമായിട്ടും ഡിഎ വര്‍ധിപ്പിക്കാത്തത് എന്ത് എന്ന് ജീവനക്കാര്‍ ചോദിക്കുന്നു.
അടിസ്ഥാന ശമ്പളം 69000 രൂപയാക്കി ഉയര്‍ത്തണം
നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനമാണ് ഡിഎ നല്‍കുന്നത്. പുതിയ വര്‍ധനവ് വന്നാല്‍ 60 ശതമാനം ആയി ഉയര്‍ന്നേക്കും. രണ്ട് ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം കണക്കിലെടുത്ത് ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണം എന്ന ആവശ്യവും ചില തൊഴിലാളി സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്.
1.20 കോടി ജീവനക്കാരെയും പെന്‍ഷന്‍കാരെയുമാണ് ഡിഎ വൈകുന്നത് ബാധിക്കുക. ഇതാണ് പ്രതിഷേധം കനക്കാന്‍ കാരണം. മാര്‍ച്ച് മാസത്തില്‍ ഡിഎ വര്‍ധിപ്പിക്കുന്ന വേളയിലും ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഇതുവരെ നല്‍കിയിരുന്നത്. ഈ പതിവ് ഇത്തവണയും തുടരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പ്രഖ്യാപനം വൈകുന്നതാണ് ജീവനക്കാരുടെ ആശങ്ക.
എട്ടാം ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ടും ജീവനക്കാര്‍ കാത്തിരിക്കുകയാണ്. അടിസ്ഥാന ശമ്പളം 18000 രൂപയില്‍ നിന്ന് 69000 ആക്കി ഉയര്‍ത്തണം എന്ന ആവശ്യമാണ് ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിച്ചിരിക്കുന്നത്. 3.83 ഫിറ്റ്‌മെന്റ് ഫാക്ടര്‍ പരിഗണിച്ച് ഇത്രയും വര്‍ധന വേണമെന്നാണ് ആവശ്യം. ഏഴാം ശമ്പള കമ്മീഷന്റെ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 ആയിരുന്നു.















Click it and Unblock the Notifications