ദാദ്രിയില്‍ ആക്രമണം; പരിക്കേറ്റ യുവാവിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി
നോയ്ഡ: ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ബീഫിന്റെ പേരില്‍ വര്‍ഗീയവാദികള്‍ ആക്രമിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ മകന്‍ ഡാനിഷിനെ ദില്ലിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇഷ്ടികകൊണ്ട് തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ നോയ്ഡയിലെ കൈലാഷ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഡാനിഷ്.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ദില്ലിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. 12 ദിവസമായി ചികിത്സയില്‍ കഴിയുകയാണ് ഡാനിഷ്. ഡാനിഷിന്റെ സഹോദരന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനാണ്. നേരത്തെ അഖ്‌ലാഖിന്റെ കുടുംബത്തെയും ആര്‍മി വ്യോമസേനയുടെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു.

ഡാനിഷിന്റെ ആരോഗ്യസ്ഥിതിയില്‍ പ്രകടമായ പുരോഗതിയുണ്ടെന്ന് കൈലാഷ് ഹോസ്പിറ്റലിലെ ഡോ. അനില്‍ ഗുര്‍നാനി പറഞ്ഞു. ഡാനിഷ് പരസഹായത്താല്‍ നടക്കാന്‍ തുടങ്ങിയിരുന്നതായും ചെറിയ തോതില്‍ ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരിച്ചറിയാനും ഡാനിഷിന് സാധിക്കുന്നുണ്ട്.
തലയ്ക്ക് മാരകമായി മുറിവേറ്റതിനാല്‍ രണ്ട് ഓപ്പറേഷനുകളാണ് നടത്തേണ്ടിവന്നത്. അതുകൊണ്ടുതന്നെ ഓര്‍മശക്തിയും മറ്റും നഷ്ടപ്പെട്ടേക്കാമെന്ന ഭയമുണ്ടായിരുന്നു. റീഹാബിലിറ്റേഷനിലൂടെ ഡാനിഷിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും യുവാവ് ഇതുവരെ മോചിതനായിട്ടില്ല.












Click it and Unblock the Notifications