'ബുദ്ധമതത്തെ തകര്‍ക്കാന്‍ ചൈന ശ്രമിക്കുന്നു': വിമര്‍ശനവുമായി ദലൈലാമ
ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ടിബറ്റൻ ആത്മീയഗുരു ദലൈലാമ. ചൈനീസ് സർക്കാർ മതത്തെ വിഷമായി കാണുന്നുവെന്നും ബുദ്ധമത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധ മതത്തെ വേരോടെ ഇല്ലാതാക്കാൻ ഉള്ള ചൈനീസ് ശ്രമം നടപ്പാക്കില്ലെന്നും ദലൈലാമ പറഞ്ഞു. ബീഹാറിലെ ബോധ്ഗയയിൽ നടത്തിയ പ്രഭാഷണത്തിലാണ് ചൈനക്കെതിരെ ദൈലൈലാമ ആരോപണം നടത്തിയത്.
ബുദ്ധമതത്തെ ഇല്ലായ്മ ചെയ്യാനാണ് ചൈന ലക്ഷ്യം വെയ്ക്കുന്നത്. ഇതിന് മുന്നോടിയായി പല ബുദ്ധമത സ്ഥാപനങ്ങളും നശിപ്പിക്കാൻ ചൈന ശ്രമിച്ചിരുന്നു. എന്നാൽ ഈ നീക്കങ്ങൾ പരാജയപ്പെടുകയാണ് ഉണ്ടായത്. ചൈനീസ് സർക്കാർ ബുദ്ധവിഹാരങ്ങൾ തകർത്തെങ്കിലും ബുദ്ധമത വിശ്വാസികളുടെ എണ്ണത്തിൽ കുറവുണ്ടായില്ലെന്നും ദലൈലാമ പറഞ്ഞു.

ബുദ്ധമതത്തിൽ തങ്ങൾക്ക് ശക്തമായ വിശ്വാസമുണ്ട്. ഹിമാലയൻ പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ അവിടെയുള്ള ബുദ്ധമത വിശ്വാസികളെ കണ്ടിരുന്നു. മംഗോളിയയിലും ചൈനയിലും ബുദ്ധമത വിശ്വാസികളുണ്ട്. ചൈനയിലുള്ളവർക്ക് ബുദ്ധമതവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ചൈനീസ് സർക്കാർ ബുദ്ധമത്തെ വിഷമായി കാണുകയും അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവരുടെ ശ്രമങ്ങൾ ഫലം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപയും ബിഹാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയും ദലൈലാമ സംഭാവന ചെയ്തു.ദലൈ ലാമയുടെ ബോധഗയയിലെ സന്ദർശന സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം ചൈനീസ് ചാരവനിതയെ ബിഹാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications