ചെരിപ്പ് കൊണ്ടുതല്ലി, ഭാര്യയെ മര്‍ദ്ദിച്ചു, വീട് അഗ്‌നിക്കിരയാക്കി, കാരണമറിയേണ്ടേ ?
യുപിയില്‍ ദളിത് കുടുംബത്തിന് ക്രൂരമര്‍ദ്ദനം. അഭിവാദ്യം ചെയ്തില്ലെന്ന് ആരോപിച്ച് താക്കൂര്‍ കുടുംബാംഗമാണ് ദളിത് കുടുംബത്തെ മര്‍ദ്ദിച്ചത്. ഇവരുടെ വീടും അഗ്നിക്കിരയാക്കി
ആഗ്ര: സമാജ്‌വാദി പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയില്‍ ദളിതര്‍ക്കെതിരേ വീണ്ടും ആക്രമണം. മേല്‍ ജാതിക്കാരനെ അഭിവാദ്യം ചെയ്തില്ലെന്ന് ആരോപിച്ച് ദളിത് കുടുംബത്തിന് ക്രൂര മര്‍ദ്ധനം. ഇവരുടെ വീടും അഗ്നിക്കിരയാക്കി. മെയ്ന്‍പുരിയിലെ ദൗലത്പൂര്‍ ഗ്രാമത്തിലെ താക്കൂര്‍ കുടുംബാംഗമാണ് ദളിത് കുടുംബത്തെ ആക്രമിച്ചത്. 35കാരനായ ഹരിയോം കതേരിയയും കുടുംബവുമാണ് ആക്രമണത്തിന് ഇരയായത്.
സ്വന്തം വീടിനരികെ ഇയാള്‍ ജോലി ചെയ്യുമ്പോള്‍ സമീപത്തുകൂടെ താക്കൂര്‍ കുടുംബത്തില്‍ നിന്നുള്ള ചോട്ടെ ലാല നടന്നുപോയതാണ് സംഭവത്തിന്‍റെ തുടക്കം. തന്നോട് റാം റാം എന്ന് അഭിവാദ്യം ചെയ്തിലെന്ന് പറഞ്ഞ് ചോട്ടെ ലാല ശകാരിച്ചതായി ഹരിയോം പറഞ്ഞു. കാലിലെ ചെരിപ്പ് ഊരിയെടുത്ത് ചോട്ടെ ലാല ഹരിയോമിനെ തല്ലുകയും ചെയ്തു. ഹരിയോമിന്റെ ഭാര്യ മീരയും സഹോദരന്‍ ശ്യാം സുന്ദറും തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്കും മര്‍ദ്ദനമേറ്റു.

ഇതേ ദിവസം തന്നെ ഹരിയോം സംഭവത്തെക്കുറിച്ച് ചോട്ടെ ലാലിന്റെ വീട്ടില്‍ പോയി കുടുംബാംഗങ്ങളോട് പരാതി പറഞ്ഞു. ഇത് ചോട്ടെ ലാലിനെ കൂടുതല്‍ പ്രകോപിതനാക്കി. രാത്രി 7.30ന് താന്‍ വീട്ടിലെത്തി അല്‍പ്പസമയത്തിനകം ചോട്ടെ ലാല്‍ കുറച്ച് ആളുകള്‍ക്കൊപ്പം ഇവിടെയെത്തിയെന്ന് ഹരിയോം പറഞ്ഞു. തുടര്‍ന്ന് ഹരിയോമിനെയും കുടുംബത്തെയും വീണ്ടും ശകാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ആകാശത്തേക്ക് ആറു റൗണ്ട് വെടിയുതിര്‍ത്ത ചോട്ടെ ലാല്‍ വീട്ടിന് മുന്‍വശത്തുണ്ടായിരുന്ന തൊഴുത്തിന് തീയിട്ടു. മടങ്ങുന്നതിനിടെ വീടിനും ഇയാള്‍ തീകൊളുത്തിയതായി ഹരിയോം വ്യക്തമാക്കി.
സംഭവത്തെത്തുടര്‍ന്ന് ചോട്ടെ ലാലയടക്കം അഞ്ചു പേരെ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു. ഇവര്‍ ഒളിവില്‍ പോയതിനെത്തുടര്‍ന്ന് ചോട്ടെ ലാലയുടെ പിതാവ് ബല്‍റാം സിങിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications