ഭാരത് ബന്ദ്: ചോരക്കളമായി മദ്ധ്യപ്രദേശ്; കൊല്ലപ്പെട്ടത് നാല് പേർ, നിരവധിപേർക്ക് പരിക്ക്...
രാജസ്ഥാനിലും പഞ്ചാബിലും ദളിത് സംഘടനകളുടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി.
Recommended Video

ഭോപ്പാൽ: വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ രാജ്യത്ത് പരക്കെ അക്രമം. മദ്ധ്യപ്രദേശിലെ വിവിധയിടങ്ങളിലുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മദ്ധ്യപ്രദേശിലെ ഗ്വാളിയോർ, ബിന്ദ്, മൊരേന, സാഗർ, ബാൽഘട്ട്, സത്ന ജില്ലകളിലാണ് ബന്ദ് അനുകൂലികളുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചത്.
രാജസ്ഥാനിലും പഞ്ചാബിലും ദളിത് സംഘടനകളുടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. രാജസ്ഥാനിലെ ബർമേറിൽ ബന്ദ് അനുകൂലികളും പോലീസും ഏറ്റുമുട്ടി. നിരവധി പ്രതിഷേധക്കാർക്കും പോലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു. ബന്ദ് അനുകൂലികൾ സംസ്ഥാന വ്യാപകമായി ട്രെയിൻ, റോഡ് ഗതാഗതം തടസപ്പെടുത്തി. സംഘർഷം രൂക്ഷമായതിനെ തുടർന്ന് രാജസ്ഥാനിലെ ബർമേർ, ഹിന്ദ്വാൻ, കരൗലി ജില്ലകളിൽ പോലീസ് 144 പ്രഖ്യാപിച്ചു. ബർമേറിലും അൽവാറിലും ഇന്റർനെറ്റ് സേവനത്തിന് നിരോധനമേർപ്പെടുത്തി.

പട്ടികജാതി-പട്ടികവർഗ പീഡനം തടയൽ നിയമത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏപ്രിൽ രണ്ടിന് ദളിത് സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാജ്യത്തെ മുഴുവൻ ദളിത് സംഘടനകളും പങ്കെടുക്കുന്ന ഭാരത് ബന്ദിൽ രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ് വ്യാപക അക്രമമുണ്ടായത്.












Click it and Unblock the Notifications