മര്‍ദ്ദിച്ച ശേഷം കാല്‍ നക്കിച്ചു; യുപിയില്‍ ദളിത് വിദ്യാര്‍ത്ഥിയ്‌ക്കെതിരെ ജാതീയ ആക്രമണം
റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ദളിത് ആണ്‍കുട്ടിയ്‌ക്കെതിരെ ജാതീയ അക്രമം. ഏപ്രില്‍ 10 ന് നടന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്രമത്തിന് ഇരയായത്. ബൈക്കിലിരുന്ന ഒരാളുടെ കാലില്‍ നിര്‍ബന്ധിച്ച് ദളിത് വിദ്യാര്‍ത്ഥിയെ കൊണ്ട് നക്കിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ പ്രചരിച്ചതോടെ സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു.
വിധവയായ അമ്മയ്ക്കൊപ്പമാണ് ജാതീയ ആക്രമണത്തിന് ഇരയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി താമസിക്കുന്നത്. ആണ്‍കുട്ടിയുടെ അമ്മ പ്രതികളില്‍ ചിലരുടെ പറമ്പില്‍ ജോലി ചെയ്തിരുന്നതായും കുട്ടി അവരോട് പ്രസ്തുത ജോലിക്ക് പണം ആവശ്യപ്പെടുകയായിരുന്നു എന്നും പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ പ്രകോപിതനായ പ്രതികള്‍ ആണ്‍കുട്ടിയെ പിടികൂടുകയും അപമാനിക്കുകയും ആക്രമിക്കുകയും കുറ്റാരോപിതനായ ഒരാളുടെ കാലുകള്‍ നക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍, കേസില്‍ ഫയല്‍ ചെയ്ത എഫ് ഐ ആറില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നില്ല എന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ 2 മിനിറ്റ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ദളിത് വിദ്യാര്‍ത്ഥി നിലത്ത് ഭയന്ന് വിറയ്ക്കുമ്പോള്‍ കൂടി നില്‍ക്കുന്നവരില്‍ ചിലര്‍ ചിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതികളിലൊരാള്‍ ഇരയോട് ഉയര്‍ന്ന ജാതിക്കാരനായ 'ഠാക്കൂര്‍' എന്ന പേര് ഉച്ചരിക്കാന്‍ ആവശ്യപ്പെടുകയും അവനെ അധിക്ഷേപിക്കുകയും ചെയ്യുന്നു.
'ഇനിയും ഇങ്ങനെ ഒരു തെറ്റ് ചെയ്യുമോ?' എന്ന് മറ്റൊരു പ്രതി ഇരയോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഇരയുടെ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് നടന്നതെന്ന് പൊലീസ് പറയുന്നു. പീഡനത്തിനിരയായ വിദ്യാര്‍ത്ഥി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അക്രമികള്‍ക്കെതിരെ യു പി പോലീസ് നിയമത്തിന്റെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തു എന്നാണ് പൊലീസ് പറയുന്നത്.
ഇതേ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്,' മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ അശോക് സിംഗ് പറഞ്ഞു. കേസിലെ പ്രതികളില്‍ ചിലര്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടവരാണെന്നും അശോക് സിംഗ് കൂട്ടിച്ചേര്‍ത്തു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും അശോക് സിംഗ് പറഞ്ഞു.












Click it and Unblock the Notifications