നിതീഷിന്റെ ദളിത് പ്രേമം തട്ടിപ്പോ; ആത്മഹത്യ ചെയ്യുമെന്ന് 60 ദളിത് വിദ്യാര്‍ഥികള്‍!
പട്‌ന: ഹൈദരാബാദിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. അന്ന് ഈ സംഭവത്തെ അപലപിച്ച് രംഗത്ത് വന്നവരുടെ മുന്‍ നിരയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ, നിതീഷ് കുമാറിന്റെ ജെ ഡി യു സര്‍ക്കാര്‍ പീഡിപ്പിക്കുന്നതില്‍ മനം നൊന്ത് 60 ദളിത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു.
ഭുവനേശ്വറിലെ രാജധാനി എഞ്ചിനീയറിങ് കോളജില്‍ പഠിക്കുന്ന 60 ദളിത് വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ബിഹാര്‍ സ്വദേശികളാണ് ഇവര്‍. 18 പേര്‍ കിഴക്കന്‍ ചമ്പാരണില്‍ നിന്നും 42 പേര്‍ പടിഞ്ഞാറന്‍ ചമ്പാരണില്‍ നിന്നും വരുന്നവരാണ്. ബിഹാര്‍ സര്‍ക്കാര്‍ ഇവരുടെ സ്റ്റൈപ്പന്‍ഡ് നല്‍കാത്തതിനെ തുടര്‍ന്ന് ഇവരെ കോളേജില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ബിഹാര്‍ സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഉടന്‍ തന്നെ പരിഹാരവുമായി എത്തിയില്ലെങ്കില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നാണ് കോളജില്‍ നിന്നും പുറത്തായ കുട്ടികള്‍ പറയുന്നത്. രാജധാനി എഞ്ചിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇവര്‍. ബിഹാര്‍ സര്‍ക്കാരിലെ എസ് സി, എസ് ടി ക്ഷേമ വകുപ്പിന്റെ കെടുകാര്യസ്ഥത കാരണം തങ്ങളുടെ പഠനവും ഭാവിയും അവതാളത്തിലായതായി കുട്ടികള്‍ കുറ്റപ്പെടുത്തുന്നു. തങ്ങള്‍ക്ക് മുമ്പില്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല.
പാവപ്പെട്ട ദളിത് വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് സമയമില്ല എന്നാണ് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത്. സഖ്യകക്ഷി നേതാവായ ലാലു പ്രസാദ് യാദവിന് കൊടുക്കാന്‍ തന്നെ നിതീഷിന് പണം തികയുന്നില്ല എന്ന് മറ്റ് ചിലര്‍ കളിയാക്കുന്നു. നിതീഷ് കുമാറിന്റെ ദളിത് സ്‌നേഹം വോട്ട് കിട്ടാനുള്ള തന്ത്രം മാത്രമാണ് എന്ന് കുറ്റപ്പെടുത്തുന്നവരും സോഷ്യല്‍ മീഡിയയില്‍ കുറവല്ല.












Click it and Unblock the Notifications