യുവതിയെ പീഡിപ്പിച്ചു; പരാതി നല്‍കിയപ്പോള്‍ സഹോദരനെ തല്ലിക്കൊന്നു... തടഞ്ഞ അമ്മയുടെ സാരി അഴിച്ചു
ഭോപ്പാല്‍: പീഡനത്തിന് ഇരയായ സഹോദരി പോലീസില്‍ പരാതി നല്‍കിയതില്‍ അരിശം പൂണ്ട അക്രമികള്‍ യുവാവിനെ തല്ലിക്കൊന്നു. തടയാന്‍ ശ്രമിച്ച അമ്മയുടെ സാരി അഴിച്ചു. ഏറെ നേരം വിവസ്ത്രയായി നിന്ന അമ്മയ്ക്ക് പോലീസുകാര്‍ എത്തിയാണ് ഒരു ടവ്വല്‍ നല്‍കിയത്. സാരി ലഭിക്കുംവരെ അവര്‍ ആ ടവ്വല്‍ ആണ് ഉപയോഗിച്ചത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍.
2019ലാണ് ദളിത് കുടുംബത്തിലെ പെണ്‍കുട്ടിയെ അക്രമികള്‍ പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കി. നാലു പേരെ അറസ്റ്റ് ചെയ്ത കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കേസ് പിന്‍വലിക്കണം എന്ന് പ്രതികളുമായി ബന്ധമുള്ളവര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം തയ്യാറായിരുന്നില്ല.

കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നൂറോളം പേര്‍ അക്രമം അഴിച്ചുവിട്ടു. വീട് പൂര്‍ണമായി നശിപ്പിച്ചു. ഉപകരങ്ങള്‍ തകര്‍ത്തു. തടയാന്‍ ശ്രമിച്ച 18കാരനെ ക്രൂരമായി തല്ലിച്ചതച്ചു. ആള്‍ക്കൂട്ടത്തിന്റെ ഏറെ നേരം നീണ്ട മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. തടയാന്‍ ശ്രമിച്ച അമ്മയുടെ സാരി അഴിച്ച് അക്രമികള്‍ അപമാനിച്ചു. സഹോദരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട യുവാവിന്റെ രണ്ട് സഹോദരന്മാരെ അക്രമികള്‍ തിരഞ്ഞെങ്കിലും അവര്‍ രക്ഷപ്പെട്ടു. തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും അവിടെയുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഒമ്പത് പേര്‍ക്കെതിരെ കൊലപാതക കേസ് എടുത്തിട്ടുണ്ടെന്നും മൂന്ന് പേര്‍ക്കെതിരെ പട്ടികജാതി നിയമ പ്രകാരം കേസെടുത്തുവെന്നും പോലീസ് അറിയിച്ചു. എട്ട് പേര്‍ അറസ്റ്റിലായി.
സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് പുനരുദ്ധരിക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് യുവാവിന്റെ മൃതദേഹം കുടുംബം സംസ്‌കരിച്ചത്. സാഗര്‍ ജില്ലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍. സംസ്ഥാനത്ത് ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. എന്നാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് മധ്യപ്രദേശില്‍. ഈ സാഹചര്യത്തില്‍ വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കുമെന്ന് ബിജെപി ഭയക്കുന്നു. കോണ്‍ഗ്രസും ബിഎസ്പിയും ബിജെപി സര്‍ക്കാരിനെതിരെ രംഗത്തുവന്നു. മധ്യപ്രദേശില്‍ ദളിത് സമൂഹത്തെ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി.
പ്രതികള്‍ക്ക് ബിജെപി ബന്ധമുണ്ടെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് ആരോപിച്ചു. ഇരകളുടെ കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി രജ്‌നീഷ് അഗര്‍വാര്‍ പറഞ്ഞു. അടുത്തിടെ ദളിത് യുവാവിനെ മുഖത്ത് ഉയര്‍ന്ന ജാതിയില്‍പ്പെട്ട വ്യക്തി മൂത്രമൊഴിച്ചത് മധ്യപ്രദേശില്‍ വലിയ വിവാദമായിരുന്നു.












Click it and Unblock the Notifications