ദന ചുഴലിക്കാറ്റ്: ഒഡീഷയിലും ബംഗാളിലും കനത്ത മഴയും ശക്തമായ കാറ്റും, പുതിയ വിവരങ്ങൾ..
ന്യൂഡൽഹി: ഒഡീഷ തീരത്ത് വീശിയടിച്ച ദന ചുഴലിക്കാറ്റ് പലയിടത്തും കനത്ത മഴയ്ക്കും കാറ്റിനും ഇടയാക്കി. മണിക്കൂറിൽ 110 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ച ചുഴലിക്കാറ്റ് കേന്ദ്രപര ജില്ലയിലെ ഭിതാർക്കനികയ്ക്കും ഭദ്രകിലെ ധമ്രയ്ക്കും ഇടയിൽ കരയിൽ പതിച്ചു. ദന കര തൊട്ടതോടെ അതിശക്തമായ മഴയാണ് ഉണ്ടായത്.
ദന ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുള്ളതിനാൽ ഒഡീഷയിലും ബംഗാളിലും കനത്ത മുൻകരുതലാണ് സ്വീകരിച്ചിരുന്നത്. ഖത്തർ ആണ് ദന എന്ന പേര് നൽകിയത്. ഉച്ചയോടെ ക്രമേണ ശക്തി കുറഞ്ഞ് ദുർബലമായേക്കും. കാറ്റിന്റെ ശക്തിയിൽ മരങ്ങൾ കടപുഴകി വീണതായാണ് വിവരം. പശ്ചിമ ബംഗാളിലെ കിഴക്കൻ മിഡ്നാപൂരിലും ചുഴലിക്കാറ്റിന്റെ ആഘാതമുണ്ടായി.

ചുഴലിക്കാറ്റിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് നിർത്തിവെച്ച ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം, കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ സർവീസുകൾ ഇന്ന് രാവിലെ എട്ട് മണിക്ക് പുനരാരംഭിച്ചു.
രണ്ട് സംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. സ്കൂളുകൾ അടച്ചു. 400 ലധികം ട്രെയിനുകൾ റദ്ദാക്കി. അതേ സമയം ഒഡീഷയിൽ മുഖ്യമന്ത്രി മോഹന്ഡ മാജിയുടെ നേതൃത്വത്തിലുള്ള സർക്കാർ 5. 8 ലക്ഷം ആളുകളെ ഒഴിപ്പിച്ചതായും ദേശീയ ദുരന്ത പ്രതികരണ ( എൻ ഡി ആർ എഫ് ) ടീമുകൾ, ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ( ഓ ഡി ആർ എഫ് ) 51, ഫയർ സർവീസ്, ഫോറസ്റ്റ് എന്നിവരടങ്ങുന്ന 385 റെസ്ക്യൂ ടീമുകളെ വിന്യസിച്ചതായും അറിയിച്ചു. ആരും പരിഭ്രാന്തരാകേണ്ടത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും അപകട സാധ്യത ഉള്ള സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒഡീഷ പോലീസിന്റെ 150 ഓളം പ്ലാറ്റൂണുകളും ( 30 ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു പ്ലാറ്റൂൺ ) രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ബംഗാളിൽ 2,43,374 പേർ ക്യാമ്പുകളിൽ അഭയം പ്രാപിച്ചതായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. വ്യാഴാഴ്ച രാത്രി മുഴുവൻ മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ തങ്ങിസ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു.












Click it and Unblock the Notifications