ഐപിഎല്‍; സിക്ക് വേഷം ധരിച്ച ഡാനി മോറിസണ്‍ വിവാദത്തില്‍
ദില്ലി: ക്രിക്കറ്റ് കമന്റേറി രംഗത്തെ പരിചിത മുഖമാണ് ന്യൂസിലന്റുകാരനായ ഡാനി മോറിസണിന്റേത്. സ്വതസിദ്ധമായ ശൈലിയില്‍ തമാശകള്‍ പറയാനും കാണികളെ കയ്യിലെടുക്കാനുമുള്ള മോറസണിന്റെ വിരുത് അദ്ദേഹത്തെ കമന്റേറ്റര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. എന്നാല്‍, തന്റെ തമാശ അതിരുവിട്ടപ്പോള്‍ വിവാദത്തിലായിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ ഡാനി മോറസണ്‍.
കഴിഞ്ഞദിവസം നടന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയായിരുന്നു സംഭവം. കമന്റേറ്ററായി ഗ്രൗണ്ടിലിറങ്ങിയ മോറിസണ്‍ സിക്ക് വേഷത്തിലായിരുന്നു എത്തിയത്. കൃത്രിമ താടിയും ചുവന്ന തലപ്പാവുമണിഞ്ഞ മോറിസണ്‍ തമാശയില്‍ വെല്ലാന്‍ മറ്റാരുമില്ലെന്ന് തെളിയിക്കുകയും ചെയ്തു.

എന്നാല്‍, ഇതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. മോറിസണിന്റെത് സിക്കുകാരെ കളിയാക്കുന്നതാണന്നും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഒരുവിഭാഗം സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു. ചില പ്രമുഖര്‍ ഇതിന് പിന്തുണ നല്‍കുകൂടി ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ കടുത്തവാദപ്രതിവാദമാണ് നടക്കുന്നത്.
അതേസമയം, തന്റേത് തമാശയ്ക്കുവേണ്ടിയുള്ള വേഷമായിരുന്നെന്നും മതവിശ്വാസത്തെ പരിഹസിക്കാന്‍വേണ്ടി ഉള്ളതല്ലെന്നും മോറിസണ്‍ പറഞ്ഞു. ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ആവശ്യപ്രകാരമായിരുന്നു വേഷമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ന്യൂസിലന്റ് താരം സ്‌കോട്ട് സ്‌റ്റൈറിസും മോറിസണ് പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഐപിഎല്‍ അധികൃതര്‍ വിഷയത്തില്‍ ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.












Click it and Unblock the Notifications