'ദസ് സാൽ അന്യായ് കാൽ';ബിജെപി സർക്കാരിനെതിരെ 'ബ്ലാക്ക് പേപ്പർ'പുറത്ത് വിട്ട് കോൺഗ്രസ്
ഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ 'ബ്ലാക്ക് പേപ്പർ' പുറത്തുവിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. 'ദസ് സാൽ അന്യായ് കാൽ'എന്ന പേരിലാണ് കോൺഗ്രസ് കുറ്റപത്രം പുറത്തുവിട്ടത്. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാരിന് വിവേചനമാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ തങ്ങളുടെ കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് നാളെ ധവള പത്രം പുറത്തിറക്കാനിരിക്കെയാണ് കോൺഗ്രസ് 'ബ്ലാക്ക് പേപ്പർ' പുറത്തിറക്കിയത്.
തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ ദുരിതം എന്നിവയിൽ സർക്കാരിൻ്റെ 'പരാജയങ്ങൾ' ഉയർത്തിക്കാട്ടുന്നതാണ് 'ബ്ലാക്ക് പേപ്പർ' എന്ന് കോൺഗ്രസ് വ്യക്തമാക്കി. സാമ്പത്തിക മേഖലയിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കോൺഗ്രസ് വിമർശിച്ചു.

'പാർലമെന്റിൽ സംസാരിക്കുമ്പോഴെല്ലാം അവർ അവരുടെ നേട്ടങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷേ ഒരിക്കലും സ്വന്തം പരാജയങ്ങളെക്കുറിച്ച് സംസാരിക്കാത്തതിനാലാണ് ഞങ്ങൾ സർക്കാരിനെതിരെ 'ബ്ലാക്ക് പേപ്പർ' പുറത്തിറക്കിയത്. പരാജയങ്ങൾ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തേയും അവർ അനുവദിക്കുന്നില്ല. സാമ്പത്തിക മേഖലയിൽ സർക്കാർ വലിയ പരാജയമാണ്', പത്രസമ്മേളനത്തിൽ ഖാർഗെ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം. അവരൊരിക്കലും ഇതിനെക്കുറിച്ച് സംസാരിക്കില്ല, ഖാർഗെ പറഞ്ഞു.
ജവഹർലാൽ നെഹ്‌റു സ്ഥാപിച്ച പൊതുമേഖലയെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചില്ല. നെഹ്റുവിനേയും ഇന്ദിര ഗാന്ധിയേയും രാജീവ് ഗാന്ധിയേയും അവർ അധിക്ഷേപിക്കുകയാണ്. ഞങഅങളുടെ 411 എം എൽ എമാരെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ബി ജെ പി അടർത്തിയെടുതത്. അതിന് വേണ്ടി എത്ര പണമാണ് അവർ വീശിയതെന്ന് എനിക്ക് അറിയില്ല', ഖാർഗെ പറഞ്ഞു.
'പ്രധാനമന്ത്രി പാർലമെൻ്റിൽ സംസാരിച്ചതിന് ശേഷം, ഞങ്ങൾക്ക് അധിക്ഷേപ/ഭീഷണി കോളുകൾ വന്നു. സംഭവത്തിൽ ഞങ്ങൾ പോലീസിൽ പരാതിപ്പെടുക പോലും ചെയ്തു. എന്നാൽ ഞാൻ ഇതൊന്നും കാര്യമാക്കുന്നില്ല, ഞാൻ ഒരു പട്ടികജാതിയിൽപ്പെട്ട നേതാവാണ്, ഒരുപാട് അനുഭവിച്ചാണ് ഞാൻ ഇവിടെ വരെ എത്തിയത്', ഖാർഗെ പറഞ്ഞു.
അതേസമയം കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങുമ്പോഴുള്ള രാജ്യത്തിൻ്റെ മോശം സാമ്പത്തികാവസ്ഥയും നിലവിലെ ഭരണം എങ്ങനെ വഴിത്തിരിവുണ്ടാക്കി എന്നതും 'ധവളപത്രം' ഉയർത്തിക്കാട്ടുമെന്ന് ബി ജെ പി നേതാവും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജയന്ത് സിൻഹ ബുധനാഴ്ച പറഞ്ഞു. 2013ലെ മുൻ യുപിഎ ഭരണകാലത്ത് ലോകത്തെ ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിലൊന്നായിരുന്നു ഇന്ത്യയെന്ന് സിൻഹ കുറ്റപ്പെടുത്തി.












Click it and Unblock the Notifications