കത്തിക്കല്ലേ, ആള്‍ദൈവം ഫ്രീസറില്‍ സമാധിയിലാണ്
ചണ്ഡിഗഡ്: മരിച്ചാലും മരിക്കാത്ത ചിലരുണ്ട്, അവര്‍ പക്ഷേ മറ്റുള്ളവരുടെ ഓര്‍മകളിലാണ് ജീവിക്കുക. അല്ലാതെ ഫ്രീസറിന് അകത്തല്ല. ആറാഴ്ച മുമ്പേ മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ആള്‍ദൈവത്തെ ഫ്രീസറില്‍ വെച്ച് കാത്തിരിക്കുകയാണ് ഭക്തര്‍. കത്തിക്കാന്‍ വരട്ടെ, ഗുരു ധ്യാനത്തിലാണ് എന്ന് പറഞ്ഞാണ് ഇവര്‍ മരണാനന്തര കര്‍മങ്ങള്‍ ചെയ്യാതിരിക്കുന്നത്.
പഞ്ചാബിലെ ചണ്ഡിഗഡിനടത്തുള്ള ആള്‍ദൈവമായ അശുതോഷ് മഹാരാജ് ആണ് കഴിഞ്ഞ ജനുവരി മുതല്‍ ഫ്രീസറില്‍ കഴിയുന്ന ആള്‍ദൈവം. ദിവ്യ ജ്യോതി ജാഗ്രതി ആശ്രമത്തിലെ ഗുരുവായ ഇദ്ദേഹം ലക്ഷക്കണക്കിന് അനുയായികള്‍ തനിക്കുണ്ട് എന്നാണ് അവകാശപ്പെട്ടിരുന്നത്. 70 കാരനായ മഹാരാജ് ജനുവരി മാസത്തില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

എന്നാല്‍ മഹാരാജ് മരിച്ചിട്ടില്ല എന്നും സമാധിയിലാണ് എന്നുമാണ് ശിഷ്യന്മാരും ഭക്തരും പറയുന്നത്. മഹാരാജ് സമാധി വിട്ടെഴുന്നേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഇവര്‍. അദ്ദേഹം അടുത്ത അനുയായികളിലൂടെ ഇപ്പോഴും ഭക്തര്‍ക്കായി സന്ദേശങ്ങള്‍ കൈമാറുന്നുണ്ട് എന്നും ഭക്തര്‍ക്ക് ആശ്രമത്തില്‍ വന്ന് പ്രാര്‍ഥനകള്‍ നടത്താമെന്നുമാണ് ആശ്രമം വക്താക്കള്‍ പറയുന്നത്.
വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മഹാരാജിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാനുള്ള തീരുമാനത്തെ അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications