എച്ച്ഡി കുമാരസ്വാമി, പ്രകാശ് രാജ് ഉള്‍പ്പെടെ 15 പേര്‍ക്ക് വധഭീഷണി കത്ത്
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള 15 പേര്‍ക്ക് നേരെ വധഭീഷണി ഉയര്‍ത്തി അജ്ഞാത കത്ത്. 15 പേരെയും ജനുവരി 29 ന് വധിക്കുമെന്നാണ് ഭീഷണി. ഇവരെല്ലാം രാജ്യദ്രോഹികളാണെന്നും കത്തില്‍ പറയുന്നു.
നിജഗുണാനന്ദ സ്വാമി, മുന്‍ ബജ്റംഗ്ദള്‍ നേതാവ് മഹേന്ദ്ര കുമാര്‍, നടന്‍ ചേതന്‍ കുമാര്‍, ബിടി ലളിത നായക്, മഹേഷ് ചന്ദ്ര ഗുരു, പ്രൊഫസര്‍ ഭഗവാന്‍, മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യയുടെ മാധ്യമ ഉപദേഷ്ടാവ് ദിനേഷ് അമീന്‍ മട്ടു, മാധ്യമപ്രവര്‍ത്ത അഗ്നി ശ്രീധര്‍,ബൃന്ദ കാരാട്ട് എന്നിവരാണ് കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റുള്ളവര്‍.

ദാവന്‍ഗരെയില്‍ നിന്നാണ് കത്തയച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ബെലഗാവി എസ്പി ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു. ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കുമാരസ്വാമിക്ക് അധിക സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.കലബുര്‍ഗി ജില്ലയിലെ ജെവര്‍ഗിയിലെ ആശ്രമത്തില്‍ കഴിയുന്ന നിജഗുണാനന്ദ സ്വാമിക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.അതിനിടെ കത്തിന്‍റെ പകര്‍പ്പുമായി നടന്‍ ചേതന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയെ സമീപിച്ചു. കര്‍ശന നടപടി സ്വീകരിക്കുമെന്ന് യെഡിയൂരപ്പ നടന് ഉറപ്പ് നല്‍കി.
അതേസമയം ഇത്തരം വധഭീഷണികള്‍ കൊണ്ടൊന്നും താന്‍ നിശബ്ദനായിരിക്കില്ലെന്ന് കുമാരസ്വാമി പ്രതികരിച്ചു. കത്തിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയാം. നാസികളും ആര്‍എസ്എസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ആരെങ്കിലും തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചാല്‍ അവര്‍ ചാരമായി തീരും, കുമാരസ്വാമി പറഞ്ഞു.












Click it and Unblock the Notifications