വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം; 2016 ല്‍ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു
ചെന്നൈ: 2016 ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍-32 ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു. എട്ട് വര്‍ഷം മുന്‍പ് 29 പേരുമായി കാണാതായ എഎന്‍-32 എന്ന എയര്‍ ഫോഴ്‌സിന്റെ യുദ്ധവിമാനത്തിന്റെ കണ്ടെത്തിയത്. 2016 ജൂലൈ 22 നായിരുന്നു ആഴക്കടലിന് മുകളില്‍ വെച്ച് വിമാനം കാണാതായത്. ചെന്നൈയില്‍ നിന്ന് ആന്റമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി വികസിപ്പിച്ചെടുത്ത ഒരു ഓട്ടോണമസ് യൂട്ടിലിറ്റി വെഹിക്കിള്‍ കാണാതായ വിമാനം കണ്ടെത്തുന്നതിനായി ആഴക്കടല്‍ പര്യവേക്ഷണത്തിനായി വിക്ഷേപിച്ചിരുന്നു. മള്‍ട്ടി-ബീം സോണാര്‍ (സൗണ്ട് ആന്‍ഡ് നാവിഗേഷന്‍ റേഞ്ചിംഗ്), സിന്തറ്റിക് അപ്പേര്‍ച്ചര്‍ സോണാര്‍, ഉയര്‍ന്ന റെസല്യൂഷന്‍ ഫോട്ടോഗ്രാഫി എന്നിവ ഉപയോഗിച്ച് 3,400 മീറ്റര്‍ ആഴത്തിലാണ് തിരച്ചില്‍ നടത്തിയത്.

ചെന്നൈ തീരത്ത് നിന്ന് 310 കിലോമീറ്റര്‍ അകലെ വെച്ചാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്. ലഭിച്ച അവശിഷ്ടങ്ങള്‍ എഎന്‍ 32 വിമാനവുമായി പൊരുത്തപ്പെടുന്നതാണ് എന്നാണ് കണ്ടെത്തല്‍. മറ്റ് വിമാനങ്ങളൊന്നും ആ സ്ഥലത്തോ ആ പ്രദേശത്തോ തകര്‍ന്നിട്ടില്ല. ഭൂമിശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയും അവശിഷ്ടങ്ങള്‍ തകര്‍ന്ന എഎന്‍-32 വിമാനത്തിന്റേതാണെന്ന വിലയിരുത്തലിലാണ്.
അതേസമയം അപകടത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. കെ2743 എന്ന ഫ്‌ലൈറ്റ് നമ്പര്‍ ഉള്ള എഎന്‍32 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ്, 2016 ജൂലൈ 22 ന് രാവിലെ 8:30 ന് ചെന്നൈയിലെ തംബരന്‍ എയര്‍ ബേസില്‍ നിന്നാണ് പുറപ്പെട്ടത്. 11 ഓടെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയറില്‍ ഇറങ്ങേണ്ടതായിരുന്നു. എട്ട് സിവിലിയന്‍മാരുള്‍പ്പെടെ 29 ഉദ്യോഗസ്ഥരുമായാണ് വിമാനം പറന്നുയര്‍ന്നത്
പറന്നുയര്‍ന്ന് പതിനാറ് മിനിറ്റുകള്‍ക്ക് ശേഷം പൈലറ്റ് അവസാനമായ അയച്ച സന്ദേശത്തിലും എല്ലാം ശുഭമാണ് എന്നതായിരുന്നു. എന്നാല്‍ പിന്നീട് ചെന്നൈ തീരത്ത് നിന്ന് 280 കിലോമീറ്റര്‍ അകലെ രാവിലെ 9:12 ഓടെ വിമാനം റഡാറില്‍ നിന്ന് പുറത്തായി. വിമാനം കണ്ടെത്തുന്നതിനായി ഇന്ത്യന്‍ വ്യോമസേനയും നാവികസേനയും വന്‍ തിരച്ചില്‍ ആരംഭിച്ചു. നാവികസേനയുടെ ഡോര്‍ണിയര്‍ വിമാനങ്ങളും സഹ്യാദ്രി, രാജ്പുത്, രണ്‍വിജയ്, കമോര്‍ട്ട, കിര്‍ച്ച്, കാര്‍മുക്, കോറ, കുത്താര്‍, ശക്തി, ജ്യോതി, ഘരിയാല്‍, സുകന്യ എന്നീ 11 കപ്പലുകളും തിരച്ചില്‍ നടത്തി.
ചെന്നൈയില്‍ നിന്ന് മോശം കാലാവസ്ഥയില്‍ പറന്നുയര്‍ന്ന് കാണാതായ വിമാനം കണ്ടെത്താനുള്ള ഇന്ത്യയുടെ ഏറ്റവും വലിയ തിരച്ചില്‍ ഇതായിരുന്നു. കടലില്‍ അപകടമുണ്ടായാല്‍ അത് കണ്ടെത്താന്‍ സഹായിക്കുന്ന അവശ്യ ഉപകരണങ്ങള്‍ വിമാനത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ അണ്ടര്‍വാട്ടര്‍ ലൊക്കേറ്റര്‍ ബീക്കണ്‍ ഘടിപ്പിച്ചിട്ടില്ലെന്നും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ അത്യന്തം ദുഷ്‌കരമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications