ശശികലയുടെ വേഷംകെട്ട് മതിയാകില്ല... ദീപ ജയകുമാര്‍, ഇത് ജയലളിത തന്നെ... വരുന്നു, ഇളയ പുരൈട്ചി തലൈവി!
ചെന്നൈ: ജയലളിതയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടി ഭരണവും സംസ്ഥാന ഭരണവും കൈക്കലാക്കാമെന്ന തോഴി ശശികലയുടെ മോഹങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തിരിച്ചടി നേരിടുമോ എന്ന പേടിക്കിടെയാണ് ജയലളിതയുടെ സഹോദരപുത്രിയായ ദീപാ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി എത്തുന്നത്. അതും ജയലളിതയുടെ ജന്മദിനത്തില്‍.
ജയലളിതയെപ്പോലെ സാരി ചുറ്റിയും അമ്മ എന്നതിന് പകരം ചിന്നമ്മ എന്ന് അടുപ്പക്കാരെക്കൊണ്ട് വിളിപ്പിച്ചും ശശികല നടത്തുന്ന പ്രതിച്ഛായ നിര്‍മാണമൊന്നും ദീപയുടെ അടുത്ത് വിലപ്പോകില്ല എന്നാണ് ജയലളിതയുടെ വിശ്വസ്തര്‍ പറയുന്നത്. കണ്ടാല്‍ ജയലളിതയുടെ അതേ ഛായയാണ് ദീപയ്ക്ക്. പോരാത്തതിന് ജയലളിതയുടെ രക്തവും. ശശികലയോടായിരിക്കുമോ ദീപയോടായിരിക്കുമോ തമിഴകത്തിന്റെ കൂറ് എന്ന് കാത്തിരുന്ന് കാണാം.

ഫെബ്രുവരി 24ന് പുതിയ പാര്‍ട്ടി
ജയലൡതയുടെ മരണശേഷമുള്ള ആദ്യത്തെ പിറന്നാള്‍ ദിനത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് ദീപ ജയകുമാറിന്റെ ശ്രമം. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഏക സഹോദരനായ ജയകുമാറിന്റെ മകളാണ് ദീപ. സ്വന്തം വീടിന് മുന്നില്‍ ജയയുടെ വിശ്വസ്തരും പാര്‍ട്ടി പ്രവര്‍ത്തകരുമായ നൂറ് കണക്കിന് ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ദീപ ജയകുമാര്‍.

ഇളയ പുരൈട്ചി തലൈവി
പുരൈട്ചി തലൈവി എന്നായിരുന്നു ആരാധകര്‍ ജയലളിതയെ വിളിച്ചിരുന്നത്. അവര്‍ ദീപയെ വിളിക്കുന്നത് ഇളയ പുരൈട്ചി തലൈവി എന്നും, ഇളയ പുരൈട്ചി തലൈവി വാഴ്ക, ദീപാ അമ്മ വാഴ്ക തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് ആളുകള്‍ ദീപയ്ക്ക് പിന്തുണ അറിയിച്ചത്. ജയലളിത ചെയ്യുന്നത് പോലെ കൈ കൊണ്ട് വിക്ടറി ചിഹ്നം കാട്ടി ദീപ ജനങ്ങളോട് സംസാരിച്ചു.

ശശികലയുടെ എതിര്‍പക്ഷത്ത്
ജയലളിതയുടെ മരണശേഷം എ ഐ എ ഡി എം കെയെ ഹൈജാക്ക് ചെയ്ത ശശികല തന്നെയാണ് ദീപയുടെ ഒന്നാമത്തെ ലക്ഷ്യം. പാര്‍ട്ടിയില്‍ നിന്നും ആര് നയിക്കണമെന്നും ആര് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകണം എന്നും പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടെ എന്നാണ് ദീപ പറയുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പേ തന്നെ ജയലളിതയുടെ വിശ്വസ്തരായ ചിലരുടെ പിന്തുണ ദീപയ്ക്കുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്.

ആസൂത്രിത നീക്കങ്ങള്‍
ചെന്നൈയിലെ ടി നഗറിലാണ് ദീപയുടെ വീട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് പേര്‍ ദീപയുടെ വസതിയില്‍ എത്തുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുമ്പായി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ദീപ ഇടപെടുന്നു. ജയലളിതയുടെ സ്വന്തം ചോരയായ ദീപയെ ശശികലയെക്കാള്‍ കൂടുതല്‍ ആളുകള്‍ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് ദീപയും അനുകൂലികളും.

നേരത്തെ പറഞ്ഞിരുന്നു
ജയലളിത മരിച്ച് 40 ദിവസം പിന്നിട്ടതോടെ ആദ്യവാര്‍ത്താ സമ്മേളനത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ദീപ പറഞ്ഞിരുന്നു. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. ജയലളിതയുടെ ജന്മദിനവും എ ഐ എ ഡി എം കെയുടെ മുന്‍ മുഖ്യമന്ത്രിയായ എം ജി ആറിന്റെ നൂറാം ജന്മവാര്‍ഷികാഘോഷവും ലാക്കാക്കിയാണ് ദീപയുടെ പ്രഖ്യാപനം.

വിവാദങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി
ജയലളിതയുടെ അടുത്ത ബന്ധുവായിരുന്നെങ്കിലും ഇവര്‍ക്ക് ജയലളിതയെ കാണാനോ അടുത്ത് പെരുമാറാനോ കഴിഞ്ഞിരുന്നില്ല. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ ജയലളിതയെ സന്ദര്‍ശിക്കാനെത്തിയ തന്നെ ശശികലയും കൂട്ടരും തടഞ്ഞു എന്ന് ദീപ അന്നേ ആരോപിച്ചിരുന്നു. ദീപ ജയകുമാറിന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.












Click it and Unblock the Notifications