മകളുടെ മുഖം ആദ്യമായി വെളിപ്പെടുത്തി ദീപികയും രണ്‍വീറും; ദീപാവലി ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ്
മുംബൈ: ദീപാവലി ദിനത്തില്‍ ആരാധകര്‍ക്ക് ബോളിവുഡില്‍ നിന്ന് സര്‍പ്രൈസ് സമ്മാനം ഒരുക്കി താര ദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഒരു വയസുകാരിയായ മകള്‍ ദുവയുടെ മുഖം ആദ്യമായി ആരാധകര്‍ക്കു മുന്നില്‍ ദമ്പതികള്‍ വെളിപ്പെടുത്തി. ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദമ്പതികള്‍ സംയുക്തമായി തങ്ങളുടെ ആദ്യത്തെ കണ്മണി ദുവ പദുകോണ്‍ സിങ്ങിന്റെ മുഖം വെളിപ്പെടുത്തിയത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മനോഹരമായ ചുവന്ന വസ്ത്രങ്ങള്‍ അണിഞ്ഞാണ് ദീപിക പദുക്കോണും മകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആരാധകര്‍ക്ക് ഇത് അപ്രതീക്ഷിത ദീപാവലി മധുരമായി മാറുകയും ചെയ്തു.
കുഞ്ഞു ദുവയുടെ മനോഹരമായ പുഞ്ചിരിയാണ് ചിത്രങ്ങളുടെ ആകര്‍ഷണം. കടും ചുവപ്പ് വസ്ത്രങ്ങളില്‍ രാജകീയമായ ലുക്കിലാണ് അമ്മയും മകളും കാണപ്പെട്ടത്. ക്രീം നിറമുള്ള കുര്‍ത്തയാണ് രണ്‍വീര്‍ സിങ് അണിഞ്ഞിരിക്കുന്നത്. ദീപികയും ദുവയും ദീപാവലി പൂജയില്‍ പങ്കെടുക്കുന്ന ചിത്രവും പങ്കിട്ടിട്ടുണ്ട്.

മകളുടെ സ്വകാര്യതയെ കരുതയാണ് കുഞ്ഞിന്റെ മുഖം മാധ്യമങ്ങളില്‍ നിന്ന് ദമ്പതികള്‍ ഇത്രയും നാളും മറച്ചുവച്ചത്. മകളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ദമ്പതികള്‍ പലപ്പോഴും ഓണ്‍ലൈന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ദമ്പതികളുടെ പോസ്റ്റിന് നിമിഷ നേരം കൊണ്ട് ദശലക്ഷത്തിലേറെ ലൈക്കും ഷെയറുമാണ് ലഭിച്ചത്. ആരാധകരും ബോളിവുഡിലെ നിരവധി പ്രമുഖരും ആശംസകള്‍ അര്‍പ്പിച്ചു. രാജ്കുമാര്‍ റാവു, റിയ കപൂര്‍, നീലം കോത്താരി, മഹീപ് കപൂര്‍, നേഹ ധൂപിയ, സഞ്ജയ് കപൂര്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ കമന്റുകളായി ഹൃദയസ്പര്‍ശിയായ ഇമോജികള്‍ പങ്കിട്ടു.
കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് ദീപികയ്ക്കും രണ്‍വീറിനും മകള്‍ ജനിച്ചത്. ജനിച്ച് രണ്ടു മാസങ്ങള്‍ക്കു ശേഷം ദീപാവലിയോടനുബന്ധിച്ചാണ് മകളുടെ പേര് ദുവ പദുകോണ്‍ സിങ് എന്ന് വെളിപ്പെടുത്തിയത്. 'പ്രാര്‍ത്ഥന' എന്നര്‍ത്ഥം വരുന്ന അറബി പദമാണ് ദുവ.
'ദുവ, എന്നാല്‍ പ്രാര്‍ത്ഥനയെന്നാണ് അര്‍ത്ഥമാക്കുന്നത്. കാരണം അവള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമാണ്. ഞങ്ങളുടെ ഹൃദയങ്ങള്‍ സ്‌നേഹവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു' - എന്നാണ് ദമ്പതികള്‍ അന്ന് കുറിച്ചത്.
2018 ലായിരുന്നു ദമ്പതികളുടെ വിവാഹം. രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംഗം എഗെയ്ന്‍ എന്ന ചിത്രത്തിലാണ് ദീപിക അവസാനമായി അഭിനയിച്ചത്. രണ്‍വീര്‍, കരീന കപൂര്‍, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ അടങ്ങുന്ന വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്.
സംവിധായകന്‍ ആദിത്യ ധറിന്റെ വരാനിരിക്കുന്ന ചിത്രവും ഫര്‍ഹാന്‍ അക്തറിന്റെ ഡോണ്‍ മൂന്നും ഉള്‍പ്പെടെ നിരവധി പ്രോജക്ടുകള്‍ രണ്‍വീറിന്റെ കൈയിലുണ്ട്.
അടുത്തിടെ മകളുടെ പേരില്‍ ചില വിവാദങ്ങളിലും ദീപിക ഉള്‍പ്പെട്ടിരുന്നു. സിനിമകളുടെ നിര്‍മാതാക്കളോട് എട്ട് മണിക്കൂര്‍ ഷിഫ്റ്റ് ആവശ്യപ്പെട്ടതാണ് വലിയ വിവാദമുണ്ടാക്കിയത്. ഇതിന് പിന്നാലെ ചില വമ്പന്‍ പ്രോജക്റ്റുകളില്‍ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു. ബോളിവുഡില്‍ ജോലി സമയം സംബന്ധിച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും ദീപികയുടെ ഇടപെടല്‍ കാരണമായി. നിരവധി പേരാണ് ദീപികയെ അനുകൂലിച്ച് എട്ടു മണിക്കൂര്‍ ഷിഫ്റ്റിനെ പിന്തുണച്ചത്.












Click it and Unblock the Notifications