ധർമ്മേന്ദ്ര പ്രധാനിൻ്റെ രാജി ആവശ്യപ്പെടണം;ഇല്ലെങ്കിൽ മോദി കഴിവുകെട്ട പ്രധാനമന്ത്രിയാകും;ദീപ്കെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തില്ലെങ്കിൽ നരേന്ദ്ര മോദി രാജ്യം കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയായി മാറുമെന്ന് ദീപ്കെ പറഞ്ഞു.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്‌റോച്ച് ജനത പാർട്ടി ജന്തർ മന്തറിൽ ആരംഭിച്ച സമരം ഞായറാഴ്ചയും തുടരുകയാണ്. വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കാതെ പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങില്ലെന്നാണ് ദീപ്കെയുടെ നിലപാട്.

അതിനിടെ പ്രതിഷേധത്തിന് ദീപ്കെ കർഷകരുടെ പിന്തുണ തേടി .കർഷകരുടെ അവകാശ പോരാട്ടത്തിൽ വിദ്യാർഥികൾ അവർക്കൊപ്പം നിന്നിട്ടുണ്ടെന്നും, ഇപ്പോൾ കർഷകരുടെ ഐക്യദാർഢ്യം വിദ്യാർഥികൾക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ആളുകൾ ജന്തർ മന്തറിലേക്ക് എത്തണമെന്ന് ദീപ്കെ അഭ്യർഥിച്ചു. നീറ്റ് പുനഃപരീക്ഷയെഴുതുന്ന വിദ്യാർഥികളോട് പരീക്ഷ കഴിഞ്ഞ ശേഷം പ്രതിഷേധത്തിൽ പങ്കുചേരാനും ആഹ്വാനം ചെയ്തു. ജനപിന്തുണയില്ലാതെ ഈ പ്രക്ഷോഭം വിജയിക്കില്ലെന്നും, ഞായറാഴ്ചത്തെ പ്രതിഷേധത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
ശനിയാഴ്ച രാവിലെ മുതലയാണ് ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. വൈകുന്നേരം 5 വരെ മാത്രമാണ് പ്രതിഷേധത്തിന് അനുമതി നൽകിയത്. എന്നാൽ സമയം കഴിഞ്ഞും പ്രതിഷേധം തുടർന്നതോടെ പോലീസ് ഇടപെട്ടു. സമയം കഴിഞ്ഞിട്ടും പ്രതിഷേധം തുടരുന്നത് വ്യവസ്ഥകളുടെ ലംഘനമാണെന്നും എത്രയും പെട്ടെന്ന് സ്ഥലം ഒഴിയണമെന്നും പോലീസ് ആവശ്യപ്പെട്ടു. എന്നാൽ ഇത് തള്ളിയ ദീപ്കെയും സംഘവും രാത്രി മുഴുവനും പ്രതിഷേധം തുടരുകയായിരുന്നു. ദീപ്കെ തുടർച്ചയായി സദസ്സിനെ അഭിസംബോധന ചെയ്യുകയും കൂടുതൽ പേർ പ്രതിഷേധത്തിൽ ചേരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രതിഷേധം സമാധാനപരമായി തുടരുമെന്ന് വ്യക്തമാക്കിയ ദീപ്കെ, കേന്ദ്ര സർക്കാരുമായി സംഭാഷണത്തിന് തയ്യാറാണെന്നും ആവർത്തിച്ചു.
ഇതിനിടെ പ്രതിഷേധക്കാർക്ക് ഡൽഹി പൊലീസ് കുടിവെള്ളവും ശുചിമുറി സൗകര്യവും നിഷേധിക്കുന്നതായി സി ജെ പി ആരോപിച്ചിരുന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം പോലീസ് വിച്ഛേദിച്ചതായും സിജെപി പരാതിപ്പെട്ടിരുന്നു. അതേസമയം ധർമേന്ദ്ര പ്രധാനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് കാലാവസ്ഥാ-സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക് ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത്. ജൂൺ 27ന് മുൻപ് പ്രധാൻ രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം നിരാഹാരം തുടങ്ങുമെന്നും വാങ്ചുക് അറിയിച്ചു.












Click it and Unblock the Notifications