രാഹുലിന് ആശ്വാസം; മാനനഷ്ടക്കേസില്‍ തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസിലെ ക്രിമിനല്‍ നടപടികള്‍ സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബിജെപിക്കുമെതിരെ നടത്തിയ പ്രസ്താവനകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മാനനഷ്ടക്കേസിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ബിജെപി പ്രവര്‍ത്തകന്‍ നവീന്‍ ഝാ തനിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനിലാണ് കോടതിയുടെ ഉത്തരവ്. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വിയാണ് രാഹുലിന് വേണ്ടി ഹാജരായത്.

ആക്രമിക്കപ്പെട്ട വ്യക്തിക്ക് മാത്രമേ ക്രിമിനല്‍ മാനനഷ്ട പരാതി നല്‍കാനാകൂവെന്നും പ്രോക്‌സി പാര്‍ട്ടിക്ക് പരാതി നല്‍കാനാകില്ലെന്നും തെളിയിക്കുന്ന നിരവധി വിധിന്യായങ്ങളുണ്ടെന്ന് അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി. ഈ വാദത്തില്‍ മറുപടി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഹരജിക്കാരന് സമയം അനുവദിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് സര്‍ക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനിയാണ് നവീന്‍ ഝായ്ക്കായി ഹാജരായത്. കേസ് ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ഒരു പൊതു പരിപാടിക്കിടെ 2018 മാര്‍ച്ച് 18 ന് അന്നത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കൊലപാതകി എന്ന് പരാമര്‍ശിച്ച് നടത്തിയ പ്രസംഗമാണ് കേസിനാധാരം. ഒരു കൊലപാതകിക്ക് ബി ജെ പിയില്‍ പാര്‍ട്ടി അധ്യക്ഷനാകാമെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ അത് സാധ്യമല്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്.
അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് നവീന്‍ ഝാ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ബിജെപിയുടെ പ്രതിച്ഛായയെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള അധിക്ഷേപകരമായ പരാമര്‍ശങ്ങളും രാഹുല്‍ നടത്തിയെന്ന് ഝാ ആരോപിച്ചിരുന്നു. നവീന്‍ ഝായുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹര്‍ജി കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16ന് ഹൈക്കോടതി തള്ളുകയായിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിചാരണക്കോടതിയിലെ ക്രിമിനല്‍ കേസ് റദ്ദാക്കാന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി വിസമ്മതിച്ചത്.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയാണ് ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാക്കളായി സ്വീകരിച്ചതെന്ന് പരാമര്‍ശം വ്യക്തമാക്കുന്നതായി ഹൈക്കോടതി പറഞ്ഞിരുന്നു.












Click it and Unblock the Notifications