ഭാര്യയ്ക്കെതിരെ അപകീർത്തികരമായ പരാമർശം; പൊട്ടിക്കരഞ്ഞ് ചന്ദ്രബാബു നായിഡു
ദില്ലി; ഭാര്യയ്ക്കെതിരായ അപകീർത്തികരമായ പരാമർശത്തിൽ പൊട്ടിക്കരഞ്ഞ് തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവും ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു.ആന്ധ്രാപ്രദേശ് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയതിന് തൊട്ടുപിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ.തന്റെ ഭാര്യ ഭുവനേശ്വരിക്ക് നേരെ പരുഷവും നിന്ദ്യവുമായ രീതിയിലാണ് ഭരണകക്ഷിയായ വൈ എസ് ആർ കോൺഗ്രസ് അംഗങ്ങൾ പരാമർശം ഉന്നയിച്ചതെന്ന് നായിഡു ആരോപിച്ചു.
കഴിഞ്ഞ രണ്ടര വർഷമായി ഞാൻ നിരവധി അപമാനങ്ങൾ സഹിച്ചു. താൻ ഒന്നിനോടും പ്രതികരിച്ചില്ല. ഇന്ന് അവർ എന്റെ ഭാര്യയെ പോലും ലക്ഷ്യം വെച്ചു. എന്റെ ഭാര്യ രാഷ്ട്രീയത്തിൽ പോലും വന്നിട്ടില്ല. ഞാൻ എപ്പോഴും ബഹുമാനത്തോടെയും ബഹുമാനത്തിന് വേണ്ടിയുമാണ് ജീവിച്ചത്. എനിക്ക് ഇനി ഇത് സഹിക്കാനാകില്ല, നായിഡു പറഞ്ഞു.

അതേസമയം ഇന്ന് രാവിലെ ആന്ധ്ര നിയമസഭയിൽ കാർഷിക മേഖലയെ കുറിച്ചുള്ള ചർച്ചയ്ക്കിടെ ശക്തമായ വാക്പോരായിരുന്നു വൈ എസ് ആർ കോൺഗ്രസ് അംഗങ്ങളും ടി ഡി പി അംഗങ്ങളും തമ്മിൽ ഉണ്ടായിരുന്നത്.
ഭാര്യയ്ക്കെതിരായ പരാമർശങ്ങൾ പ്രതിരോധിക്കാനുള്ള അവസരം തനിക്ക് നഷ്ടപ്പെട്ടതായി നായിഡു ആരോപിച്ചു. നായിഡു പ്രസംഗിക്കുന്നതിനിടെ സ്പീക്കർ തമ്മിനേനി സീതാറാം മൈക്ക് കട്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്. അതേസമയം ഭരണകക്ഷി എം എൽ എമാർ മുൻ മുഖ്യമന്ത്രിയുടെ പരാമർശത്തെ നാടകം എന്നായിരുന്നു വിശേഷിപ്പിച്ചത്.
ഭരണപക്ഷത്തിന്റെ ആരോപണത്തിന് മറുപടി നൽകാൻ തനിക്കൊരു അവസരം പോലും ലഭിച്ചില്ല. അതിനാൽ ഞാൻ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയാണ്. മുഖ്യമന്ത്രിയായിട്ടല്ലാതെ ഞാൻ തിരിച്ചുവരില്ല... സഭയിൽ അപമാനിക്കപ്പെട്ടു, നായിഡു പറഞ്ഞു. അതേസമയം നായിഡുവിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി തള്ളി. നായിഡുവാണ് വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയതെന്നും ഇതിനുള്ള മറുപടി നൽകുക മാത്രമാണ് പാർട്ടി നേതാക്കൾ ചെയ്തതെന്നും ജഗൻ പറഞ്ഞു.
അതെ, ചന്ദ്രബാബു നായിഡുവിന്റെ അവസ്ഥ, അദ്ദേഹം നിരാശനാണ്. എനിക്ക് മാത്രമല്ല, സംസ്ഥാനത്തെ എല്ലാവർക്കും അക്കാര്യം അറിയാം.ജനങ്ങൾ അദ്ദേഹത്തെ തള്ളിക്കളഞ്ഞു. സ്വന്തം കുപ്പം മണ്ഡലത്തിൽ പോലും സങ്കൽപ്പിക്കാനാവാത്ത വിധം ജനങ്ങളുടെ തിരസ്‌കരണം നേരിട്ടു.ചന്ദ്രബാബു തന്നെയാണ് എന്റെ കുടുംബത്തെക്കുറിച്ച് (അമ്മാവൻ, അമ്മ, സഹോദരി) സംസാരിച്ചത്, ഞങ്ങളുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിട്ടില്ല. സഭാ രേഖകളിൽ ഇക്കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്, ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.
അധികാരത്തിനായി നായിഡു എന്തും ചെയ്യുമെന്നും വൈ എസ് ആര്‍ അംഗങ്ങള്‍ ആരോപിച്ചു. നായിഡു "ഒരു വേശ്യയെപ്പോലെയാണ്... അധികാരത്തിനായി എന്തും ചെയ്യും" എന്നും മുൻ മുഖ്യമന്ത്രി സഹതാപത്തിനായി മുതലക്കണ്ണീരൊഴുക്കുകയാണെന്നും മന്ത്രി അല്ല നാനി പറഞ്ഞു. അതസമയം 2012 സമാനമായ പ്രഖ്യാപനം അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയും നടത്തിയിരുന്നു. അധികാരത്തില്‍ തിരിച്ചെത്തുന്നത് വരെ നിയമസഭയിലേക്ക് ജയലളിത പ്രവേശിച്ചിരുന്നില്ല.
നായിഡുവിന്റെ സ്വന്തം തട്ടകമായ ചിറ്റൂർ ജില്ലയിൽ ഈ ആഴ്ച ആദ്യം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ടി ഡി പി കനത്ത പരാജയം രുചിച്ചിരുന്നു. കുപ്പം മുനിസിപ്പാലിറ്റിയിലെ 25 വാർഡുകളിൽ 19 ലും വൈ എസ് ആർ കോൺഗ്രസ് ആയിരുന്നു വിജയിച്ചത്. തെലുങ്കുദേശം പാർട്ടി ഈ മേഖലയിൽ തോൽക്കുന്നത് ഇതാദ്യമാണ്. പാർട്ടിയുടെ തോൽവി കടുത്ത ആഘാതമാണ് നേതാക്കൾക്ക് നൽകിയത്. കുറച്ച് മാസങ്ങൾക്്ക് മുൻപ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ടി ഡി പി വലിയ പരാജയം രുചിച്ചിരുന്നു.












Click it and Unblock the Notifications