'വിദ്യാഭ്യാസമുള്ള സ്ത്രീക്ക് ലൈംഗികബന്ധത്തിനിടെ ഭർത്താവിനെ നിയന്ത്രിക്കാം': ഒടുവില്‍ നിതീഷിന്റെ ക്ഷമ പറച്ചില്‍
പട്‌ന: നിയമസഭയില്‍ നടത്തിയ അപകീർത്തിപരമായ പരാമർശത്തില്‍ മാപ്പ് പറഞ്ഞ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനസംഖ്യാ നിയന്ത്രണത്തിൽ സ്ത്രീവിദ്യാഭ്യാസത്തിന്റെ പങ്കിനെ കുറിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് സംസ്ഥാന നിയമസഭയിൽ നടത്തിയ അപകീർത്തികരമായ പരാമർശത്തിലാണ് ബീഹാർ മുഖ്യമന്ത്രിയുടെ മാപ്പ് അപേക്ഷ. "ഞാൻ ക്ഷമ ചോദിക്കുന്നു, എന്റെ വാക്കുകൾ ഞാൻ തിരിച്ചെടുക്കുന്നു, എന്റെ വാക്കുകൾ തെറ്റാണെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ, ഞാൻ അവരോട് വീണ്ടും ക്ഷമ ചോദിക്കുന്നു," അദ്ദേഹം പറഞ്ഞു.
"എന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ജനസംഖ്യാ നിയന്ത്രണത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ വികസനത്തിനും വേണ്ടിയും ഞാൻ നിലകൊള്ളുന്നു." ബിഹാർ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബീഹാറിലെ ഫെർട്ടിലിറ്റി നിരക്ക് 4.2ൽ നിന്ന് 2.9 ശതമാനമായി കുറഞ്ഞതിന്റെ കാരണം വിശദീകരിക്കുന്നതിനിടെയിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. മുഖ്യമന്ത്രിയുടെ ഈ ഭാഷയെ "ലജ്ജാകരവും, വെറുപ്പുളവാക്കുന്നതും അശ്ലീലവും" എന്ന് ബി ജെ പി ആക്ഷേപിച്ചു. ഇതോടൊപ്പം തന്നെ ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖ ശർമ്മ നിതീഷ് കുമാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്തു.
വിദ്യാസമ്പന്നയായ സ്ത്രീക്ക് ലൈംഗികബന്ധത്തിനിടെ, ഭർത്താവിനെ നിയന്ത്രിക്കാനാവുമെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം സ്ത്രീകളുടെ മേൽ മാത്രം അടിച്ചേൽപ്പിക്കാനുള്ള നീക്കമായും ഇതിനെ വ്യാഖ്യാനിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വലിയ വിവാദത്തിന് വഴിവെച്ചപ്പോള്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"ഞാനൊരു കാര്യം വ്യക്തമാക്കട്ടെ... മുഖ്യമന്ത്രി പറഞ്ഞത് ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നു. ഈ വിഷയം സംസാരിക്കാന്‍ ആളുകൾക്ക് മടിയാണ്.. പക്ഷേ അത് സ്‌കൂളുകളിൽ പഠിപ്പിക്കേണ്ടതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്" തേജസ്വി യാദവ് പറഞ്ഞു. എന്നാല്‍ നിതീഷിനെ സ്ത്രീവിരുദ്ധനെന്ന് വിശേഷിപ്പിച്ച ബിജെപി അദ്ദേഹം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.












Click it and Unblock the Notifications